ദേശീയപാതയിൽ ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ച് വാഹനം നിർത്തിച്ച് കവർച്ച ; ദൃശ്യം പുറത്ത്

ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കവർച്ച. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു രീതി.

മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി.അര്‍ദ്ധരാത്രി വാഹനത്തിനു മുന്നിലേക്കു ആയുധങ്ങളുമായി ചാടിയിറങ്ങുന്ന സംഘത്തിന്റെ കയ്യില്‍പെട്ടാല്‍ സര്‍വതും നഷ്ടമാകുമെന്നതാണു പതിവ്. മലയാളികളടക്കമുള്ള രാത്രി യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

കഴിഞ്ഞ പതിനെട്ടിന് രാത്രി ഒന്നരയ്ക്കു മധുരയ്ക് സമീപമുള്ള മേലൂരിലാണ് സംഭവം. കവര്‍ച്ചക്കാര്‍ മാരകായുധങ്ങളുമായി വന്ന് ടോർച്ചടിച്ച് വാഹനം നിർത്തുന്നതും മനസാനിധ്യം കൈവിടാതെ കാര്‍ ഡ്രൈവര്‍ പിറകിലേക്കു ഓടിച്ചു രക്ഷപെടുന്നതും കവര്‍ച്ചക്കാര്‍ കല്ലും വടികളും എറിയുന്നതും ദൃശ്യത്തിലുണ്ട്.