കൊല്ലത്ത് കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു

കൊല്ലത്ത് കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു; അമിതവേഗം കവർന്നത് പ്രിയ കായികാധ്യാപകന്റെ ജീവൻ

കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു. കൊല്ലം ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ വി. അജിത് കുമാർ (50) ആണ് മരിച്ചത്. ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിൽ വ്യാഴാഴ്ച രാത്രി 10.15-നാണ് സംഭവം. ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിലെത്തിയ കാർ എതിർദിശയിലെത്തിയ ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു.

പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

കാറിൽ നാലുപേരുണ്ടായിരുന്നതായും രണ്ടുപേർ ഓടിരക്ഷപ്പെട്ടതായും സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലാകെ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. കൊല്ലം പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്‌കൂളിലെ കായികാധ്യാപകനാണ് അജിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News