ന്യൂഡല്‍ഹി: 2019 വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമേ രണ്ടു പുരസ്‌കാരങ്ങള്‍ കൂടി ചിത്രം നേടി.
വസ്ത്രാലങ്കാരം, സ്‌പെഷല്‍ ഇഫക്ട്‌സ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരം നേടിയത്. വസ്ത്രാലങ്കാരത്തിന് സുജിത് സുധാകറും സ്‌പെഷല്‍ ഇഫക്ട്‌സിന് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥും അവാര്‍ഡിന് അര്‍ഹരായി.
അസുരനിലെ അഭിനയത്തിന് ധനുഷും ബോസ്ലെയിലെ അഭിനയത്തിന് മനോജ് ബാജ്‌പേയും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ഹെലന്‍ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറാണ് മികച്ച നവാഗത സംവിധായകന്‍. ഇതേചിത്രത്തിന് ചമയം നിര്‍വഹിച്ച രഞ്ജിത്ത് മികച്ച മേക്കപ്പ്മാനായി. ജെല്ലിക്കെട്ടിന് ദൃശ്യങ്ങള്‍ ഒരുക്കിയ ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചു. കോളാമ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയ പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി.
രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനേട്ടം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം അസുരന്‍ മികച്ച തമിഴ് ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.