ന്യൂഡല്‍ഹി : ആദ്യം സ്വന്തം പാര്‍ട്ടിയെ നന്നാക്കൂ, എന്നിട്ടാകാം ജനാധിപത്യം എന്താണെന്ന് പഠിപ്പിക്കല്‍, രാഹുലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലുള്ള ചിലര്‍ക്ക് തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ എന്താണെന്ന് പഠിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും മോദിയ്‌ക്കെതിരെ നില്‍ക്കുന്നതാരാണെങ്കിലും, അത് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗ്വത് ആണെങ്കില്‍ പോലും ഭീകരരായി മുദ്രകുത്തുമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മോദിയുടെ കടന്നാക്രമണം.
‘ഡല്‍ഹിയിലുള്ള ചിലയാളുകള്‍ എപ്പോഴും എന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ പാഠങ്ങള്‍ അവര്‍ക്ക് എന്നെ പഠിപ്പിക്കണം. ജമ്മു കാശ്മീര്‍ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ ഉദാഹരണമായി അവരെ കാണിക്കാന്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ കാശ്മീര്‍ നിവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌കീമായ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞു.
‘ ചില രാഷ്ട്രീയ ശക്തികള്‍ ജനാധിപത്യത്തെ പറ്റി ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് തട്ടിപ്പും കാപട്യവും മാത്രമാണുള്ളത്. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും പുതുച്ചേരി ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞതിന് ഒരുവര്‍ഷത്തിനുള്ളില്‍ ജമ്മു കാശ്മീരില്‍ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞിരിക്കുന്നു. ‘ മോദി പറഞ്ഞു.