കോഴിക്കോട്: നാദാപുരത്ത് ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഹിജാസ്, അഖില എന്നിവരാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇവരുടെ കൈയ്യിൽ നിന്നും നാദാപുരം പോലീസ് കണ്ടെടുത്തു. കസ്റ്റഡിയില്‍ വെച്ച് അക്രമാസക്തനായ യുവാവ് സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തെന്നും ഇതിൻ്റെ പേരിലും യുവാവിനെതിരെ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.
നാദാപുരം പേരോട് വെച്ച് നടന്ന വാഹന പരിശോധനക്കിടയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഇജാസും അഖിലയും പിടിയിലാകുന്നത്. കെഎൽ 12 പി 7150 നമ്പർ ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. ഈ കാറിലാണ് 32 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത്. ലഹരി മരുന്ന് അളക്കാനായി സൂക്ഷിച്ച ത്രാസും കാറിൽ നിന്നും കണ്ടെടുത്തു.
ഇരുവരെയും നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഇജാസ് അക്രമാസക്തനായത്. നാദാപുരം സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ യുവാവ് തകര്‍ത്തു. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വെള്ളം പോലീസുകാര്‍ക്ക് മേല്‍ ഒഴിച്ച ഇയാളെ ഏറെ പണിപ്പെട്ടാണ് പോലീസ് കീഴടക്കിയത്. കോഴിക്കോട് ജില്ലയില്‍ ലഹരി മരുന്ന് വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.