കൊച്ചി: നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുൻവിധി ആശാസ്യമല്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ബിഷപ്പ് ചെയ്തത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യണമെന്നും കെസിബിസി വ്യക്തമാക്കി. സാമൂഹികമൈത്രി നില നിർത്താൻ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസിബിസി അറിയിച്ചു.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്തെത്തിയിരുന്നു.ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.
പരാമര്‍ശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യം. ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ലെന്ന് വിശദികരണം. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ട് പോകാം.
മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് പാലാ ബിഷപ്പ് ഉദ്ദേശിച്ചത് എന്നാണ് അതിരൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പാല രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം പങ്കുവച്ചത് എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വിവാദവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി സൗഹാര്‍ദ പരമായി മുന്നോട്ട് പോവാമെന്നും അതിരൂപത വ്യക്തമാക്കുന്നു.
ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് വന്നിരിന്നു. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. ‘പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വരുമ്പോള്‍ ഇവര്‍ രണ്ടുപേരും ജിഹാദികളുടെ വക്താക്കളാണോയെന്ന ചോദ്യമാണ് ഉയര്‍ന്നത്. മുസ്ലിം സമുദായത്തെ ഒന്നടങ്കം ആരെങ്കിലും ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം മുസ്ലിം സമുദായത്തിലെ മുഴുവന്‍ പേരും ജിഹാദികളെ പിന്തുണയ്ക്കുന്നവരാണ് എന്നഭിപ്രായമില്ല. പക്ഷേ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്ക്കുന്നവരുണ്ട്. കേന്ദ്രമന്ത്രി പ്രതികരിച്ചു.
‘അമുസ്ലിങ്ങളെ മുഴുവന്‍ നശിപ്പിക്കണമെന്ന ഐഎസിന്റെ ആശയത്തെ പിന്‍പറ്റുന്നവര്‍ കേരളത്തിലുണ്ടെന്ന് പറയുമ്പോള്‍ അത് പറയുന്ന മതപുരോഹിതനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആക്രമണം നടത്തുന്നവരാണ് ഐഎസിനെ പിന്തുണയ്ക്കുന്നവര്‍.
ബിഷപ്പിന്റെ പരാമര്‍ശത്തോട് എതിര്‍പ്പുയര്‍ത്തിയിട്ടുള്ള സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍, അവര്‍ ഐഎസ് വക്താക്കളാണോയെന്ന് സ്വയം വ്യക്തമാക്കണം. നാര്‍കോട്ടിസ് ജിഹാദ് ഒരു പുതിയ വാക്കാണെന്ന നിലയിലാണ് എല്ലാവരും കാണുന്നത്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ വരുമാന സ്രോതസ്സ് ലഹരിക്കടത്താണെന്ന് പല അന്വേഷണ ഏജന്‍സികളും വ്യക്തമാക്കിയതാണ്. കേരളത്തില്‍ ഇത്തരം പ്രശ്നമുണ്ടെന്ന് പറയുന്നതില്‍ തെറ്റുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.