റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തണ്ണിമത്തനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍. 765,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു സ്വദേശികളും മൂന്ന് സിറിയന്‍ പൗരന്മാരുമുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായതായി ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു.
പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തി വരികയാണ്. അടുത്തിടെ 47 മില്യന്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു.
രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിത്. ആറ് സിറിയക്കാരെയും രണ്ട് പാകിസ്ഥാനികളെയും ഇതുമായി ബന്ധപ്പെട്ട് പിടികൂടിയതായി അധികൃതർ അറിയിച്ചിരുന്നു. റെയ്ഡിനെ തുടർന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ തുടർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ബഹ്റൈനിലേക്ക് മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി വിമാനത്താവളത്തില്‍ പിടിയിലായി. ഇയാളെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ഹാഷിഷും മെതാഫിറ്റമീനുമാണ് ഇയാള്‍ സ്വന്തം വയറിലൊളിപ്പിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചത്. പിടിയിലാവുമ്പോള്‍ 83 മയക്കുമരുന്ന് ഗുളികകള്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തിന് പുറമെ ഹാഷിഷ് ഉപയോഗിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
ബഹ്റൈനിലുള്ള ചിലര്‍ക്ക് കൈമാറാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് 34 വയസുകാരനായ പ്രതി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഇതിന് പകരമായി പണവും ലഭിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തിയത്. എക്സ് റേ പരിശോധനയില്‍ ഇയാളുടെ വയറിനുള്ളില്‍ ചില അസ്വഭാവിക വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടു. ഇതോടെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചാണ് മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. ആറ് തവണയായി 83 ഗുളികകളും ഇയാള്‍ തനിയെ പുറത്തെടുത്തു.