പുതുച്ചേരി:നാരായണസ്വാമി മന്ത്രിസഭ പുതുച്ചേരിയിൽ വീണു. ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ 12 പേരുടെ പിന്തുണ മാത്രമാണ് കോൺഗ്രസ് സർക്കാരിന് ലഭിച്ചത്. ഇന്നലെ രണ്ട് എം.എൽ.എമാർ രാജിവെച്ചതാണ് നാരായണ സ്വാമിക്ക് വിനയായത്.വിശ്വാസവോട്ട് നേടാനാകാത്തതിനാൽ ഗവർണർക്ക് വി.നാരായണ സ്വാമി രാജിസമർപ്പിച്ചു.
18 എംഎൽഎമാരുടെ പിന്തുണയായിരുന്നു സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ നേരത്തെ നാല് പേർ പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യം ഉയർന്നത്. തുടർന്നാണ് ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത്.
സ്വന്തം നേതാക്കളേയും അണികളേയും കൂടെ നിർത്താൻ സാധിക്കാത്ത നേതാവാണ് നാരായണസ്വാമിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ കക്ഷിയായ ആൾ ഇന്ത്യാ എൻ.ആർ കോൺഗ്രസ് നേതാവ് എൻ.രംഗസ്വാമിയാണ് കോൺഗ്രസിനെ പരിഹസിച്ചത്. എംഎൽഎമാർ പാർട്ടിയോട് കടപ്പെട്ട് നിൽക്കണമെന്ന് വി. നാരായണസ്വാമി പറഞ്ഞു. രാജിവെച്ച എംഎൽഎമാർക്ക് ജനങ്ങളെ നേരിടാനാകില്ലെന്നും അവരെ അവസരവാദികളെന്ന് മുദ്രകുത്തുമെന്നും നാരായണസ്വാമി നിയമസഭയിൽ പറഞ്ഞു