31.1 C
Kottayam
Saturday, May 4, 2024

വ്യാപക എതിർപ്പ്,ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ചു

Must read

തിരുവനന്തപുരം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പല സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള വ്യാപകമായ പ്രതിഷേധത്തിന് പിന്നാലെ ഫെബ്രുവരി 25 ന് നടത്താനിരുന്ന ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ച് കേന്ദ്രം. ഫെബ്രുവരി 21 ന് നടത്താനിരുന്ന മോക്ക് ടെസ്റ്റും, 25 -ലെ ദേശീയ ഗോ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷ എന്ന ദേശീയ പരീക്ഷയും മാറ്റിവെച്ചതായി രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിലാണ് അറിയിപ്പുണ്ടായത്.

ഈ വിഷയത്തിൽ, കേന്ദ്രം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്നാക്ഷേപിച്ചുകൊണ്ട് രൂക്ഷ വിമർശനവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നതിന്റെ അടുത്ത ദിവസമാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. പശുവിന്റെ പാലിൽ സ്വർണമുണ്ട് എന്നുപോലും രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിൽ ഉണ്ട് എന്നും, മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ, ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ് പോലുള്ള ഒരു കേന്ദ്ര സ്ഥാപനം ഇങ്ങനെ അന്ധവിശ്വാസങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുന്നത് ദയനീയമാണ് എന്നും പരിഷത്ത് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആക്ഷേപിച്ചിരുന്നു.

കഴിഞ്ഞ ജനുവരി 5 നായിരുന്നു കേന്ദ്ര ഗവണ്മെന്റ് വിദ്യാർത്ഥികൾക്കും പൊതുജനത്തിനു ഇടയിൽ നടൻ പശുക്കളെപ്പറ്റിയും അവയുടെ ഗുണഗണങ്ങളെപ്പറ്റിയുമുള്ള അറിവുകൾ വളർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഫെബ്രുവരി 25 -ന് ഇങ്ങനെ ഒരു ദേശീയ പരീക്ഷ പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ഒരു പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് യുജിസി സർവകലാശാല വൈസ് ചാൻസലർമാർക്ക് അയച്ച കത്ത് പുറത്തുവന്നതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.

പ്രൈമറി&മിഡിൽ സ്‌കൂൾ, സെക്കണ്ടറി, കോളേജ്, പൊതുജനങ്ങൾ എന്നിങ്ങനെ നാലു വിഭാഗത്തിലാണ് പരീക്ഷകൾക്ക് കേന്ദ്രം പ്ലാൻ ചെയ്തിരുന്നത്. ഈ പരീക്ഷക്ക് പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ് 54 പേജുള്ള ഒരു പരീക്ഷാ സഹായി തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു . ഗോഹത്യ ഭൂകമ്പത്തിനു കാരണമാകും, ജേഴ്സി പശുക്കൾക്ക് നാടൻ പശുക്കളുടെ അത്ര ഗുണം പോരാ എന്നിങ്ങനെ പല വിവരങ്ങളും ഈ ലേഖനത്തിലുണ്ടായിരുന്നു. പശുക്കളെപ്പറ്റി വേദോപനിഷത്തുക്കളിലുള്ള പരാമർശങ്ങൾ തുടങ്ങി, വിവിധയിനം നാടൻ പശുക്കൾ ഏതൊക്കെ, ഇന്ത്യയിൽ എവിടെയൊക്കെ കാണപ്പെടുന്നു തുടങ്ങി പല കാര്യങ്ങളും ഇതിന്റെ ഭാഗമാണ്.

ജേഴ്സി പശുക്കൾ കൂടുതൽ പാൽ തരുമെങ്കിലും, ഗുണ നിലവാരത്തിൽ നാടൻ പശുക്കളുടെ ഏഴായത്ത് ജേഴ്സി പശുക്കളുടെ പാൽ എത്തില്ല എന്നും ഇത് പറയുന്നു. നാടൻ പശുക്കളുടെ പാലിൽ മഞ്ഞ നിറത്തിൽ സ്വർണത്തിന്റെ സാന്നിധ്യമുണ്ട് എന്നും, അത് ജേഴ്സി പശുക്കൾക്ക് ഇല്ല എന്നുമൊക്കെ ഈ പരീക്ഷ സഹായിയിൽ കാണാം.

ഇന്ത്യൻ പശുക്കൾ രോഗാണു വിമുക്തമാണ് എന്നും, ജേഴ്സി പശുക്കൾക്ക് വേഗത്തിൽ രോഗം വരും എന്നുമൊക്കെ ഇതിൽ അച്ചടിച്ച് വെച്ചിട്ടുണ്ട്. ഭോപ്പാലിൽ ഗ്യാസ് ട്രാജഡി ഉണ്ടായപ്പോൾ 20,000 ൽ പരം പേർ മരണപ്പെട്ടു എങ്കിലും, ചാണകം പൂശിയ ചുവരുകളുള്ള വീടുകളിൽ താമസിച്ചവർക്ക് ഒരു പ്രശ്നവും വന്നില്ല എന്നും ഈ പഠനസഹായി അവകാശപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week