നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിൽ

കൊച്ചി: നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിൽ.പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ തൃശൂർ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ കഴിയവെയാണ് പോലീസിന്റെ വലയിലായത്. 600 ൽ അധികം തട്ടിപ്പ് കേസുകൾ ഇവർക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്. കൂടാതെ നിരവധി കേസുകളിൽ വാറണ്ടും നിലവിലുണ്ട്.

വൻ പലിശ വാഗ്ദാനം ചെയ്താണ് പ്രതികൾ നിക്ഷേപം സ്വീകരിച്ചത്. ഇത്തരത്തിൽ 300 കോടിയോളം രൂപ തട്ടിയെടുത്തതിന് പിന്നാലെ പ്രതികൾ മുങ്ങുകയായിരുന്നു. സംബന്ധിച്ച കേസിൽ തൃശൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിൽ ഹാജരാകാതെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയിരുന്ന പ്രതികൾ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്‌നാട്ടിലേക്ക് മാറുകയും അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റുകളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News