ആദ്യശ്രമത്തില്‍ വെറും ഒന്നര മാര്‍ക്കിന്റെ വ്യത്യാസത്തില്‍ പ്രിലിംസില്‍ പരാജയപ്പെട്ടു; 2024 ല്‍ 47ാം റാങ്കോടെ വിജയം; സിവില്‍ സര്‍വീസ് സ്വപ്നം സാധ്യമാക്കി നന്ദന

തിരുവനന്തപുരം: രണ്ടാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. 47ാം റാങ്ക് നേടി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാനായതില്‍ വലിയ സന്തോഷമെന്ന് നന്ദന പ്രതികരിച്ചു. 2022ല്‍ മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് പാസ്സായ നന്ദന രണ്ടാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കിയത്.

ആദ്യത്തെ ശ്രമം 2023 ല്‍ നടത്തിയെങ്കിലും പ്രിലിംസ് ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. 2024ലെ ശ്രമത്തിലാണ് മികച്ച വിജയം നന്ദനയെ തേടിയെത്തുന്നത്. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ അക്കാദമിയിലായിരുന്നു നന്ദനയുടെ സിവില്‍ സര്‍വീസ് പരിശീലനം. എല്ലാ ക്ലാസുകളും കൃത്യമായി അറ്റന്റ് ചെയ്‌തെന്ന് നന്ദന പറയുന്നു. അധ്യാപകദമ്പതികളായ ഗിരീഷിന്റേയും പ്രഭയുടേയും മകളാണ് നന്ദന.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷമായെന്ന് നന്ദന പറഞ്ഞു. 2023-ല്‍ ആയിരുന്നു ആദ്യത്തെ ശ്രമം. അന്ന് ഒന്നര മാര്‍ക്കിന് പ്രിലിംസ് പാസ്സാകാന്‍ സാധിച്ചില്ല. പിന്നീട്, എല്ലാ ഘട്ടങ്ങളും ഒന്നിച്ച് പാസ്സാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചതില്‍ വളരെ സന്തോഷം. വീട്ടുകാരും പഠിപ്പിച്ച അധ്യാപകരും നല്ല പിന്തുണയേകി. ആദ്യത്തെ തവണ ചെറിയ മാര്‍ക്കിന് നഷ്ടമായപ്പോള്‍ അടുത്ത തവണ നന്നായി പഠിച്ചാല്‍ മതിയെന്ന് പറഞ്ഞത് വീട്ടുകാരാണ്.

ആദ്യ ശ്രമത്തിന് മുമ്പ് ക്ലാസ് അറ്റന്‍ഡ് ചെയ്ത് നോട്ട്സ് പഠിച്ചു. എന്നാല്‍, കഴിഞ്ഞ തവണ പ്രാക്ടീസിനാണ് പ്രാധാന്യം നല്‍കിയത്. ഇന്റര്‍വ്യു കഴിഞ്ഞ ഏപ്രില്‍ പതിനൊന്നായിരുന്നു. മാര്‍ക്കിനെപ്പറ്റിയുള്ള കാര്യങ്ങളില്‍ വലിയ ധാരണയില്ലായിരുന്നെങ്കിലും സന്തോഷകരമായ ഒരു അനുഭവം തന്നെയായിരുന്നു ഇന്റര്‍വ്യു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോഴാണ് ഗൗരവമായി പഠിക്കാന്‍ ആരംഭിച്ചത്. എത്രസമയം പഠിക്കുമെന്നത് പരീക്ഷയുടെ സമയം പോലെയിരിക്കും. സാധാരണ ദിവസങ്ങളില്‍ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ പഠിക്കാറുണ്ട്. പിന്നീട്, പ്രിലിംസും മെയിന്‍സും ഒക്കെ അടുക്കുമ്പോള്‍ 12 മണിക്കൂര്‍ വരെ പഠിച്ചിരുന്നുവെന്നും നന്ദന കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇത്രയും മികച്ച നേട്ടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദന കൂട്ടിച്ചേര്‍ത്തു. മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവും എങ്ങനെ ആയിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എങ്ങനെയെങ്കിലും ലിസ്റ്റില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചില്ല. ചെറുപ്പത്തില്‍ ഈ എക്‌സാമിനെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ പരീക്ഷയ്ക്കായി ഒന്നും ചെയ്തിരുന്നില്ല. കോളേജിന് ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്നത്. പല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും പ്രചോദനമായിട്ടുണ്ട് എന്നല്ലാതെ പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറയാനില്ലെന്നും നന്ദന പറയുന്നു.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. യുപി പ്രയാഗ്‌രാജ് സ്വദേശിയായ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ അന്‍പത് റാങ്കുകളില്‍ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്. ആദ്യ പത്ത് റാങ്കുകാര്‍ ഇവരാണ്. 1- ശക്തി ദുബെ, 2-ഹര്‍ഷിത ഗോയല്‍, 3-ദോങ്‌ഗ്രെ അര്‍ചിത് പരാഗ്, 4-ഷാ മാര്‍ഗി ചിരാഗ്, 5-ആകാശ് ഗാര്‍ഗ്, 6-കോമല്‍ പുനിയ, 7- ആയുഷി ബന്‍സല്‍, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗര്‍വാള്‍, 10 – മായങ്ക് ത്രിപഠി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News