NationalNews

അപകടത്തില്‍പ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ: ‘നമ്മൈ കാക്കും 48’ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും ഈ പരിരക്ഷയുണ്ടാകും. 609 ആശുപത്രികള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിനായി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും.

വ്യാഴാഴ്ച സെക്രട്ടേറിയറ്റില്‍ ക്യാബിനറ്റ് മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊലീസിനും മറ്റ് പൊതുജനങ്ങള്‍ക്കും പ്രഥമശുശ്രൂഷ പരിശീലനം നല്‍കുക, അപകടങ്ങള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങി സംസ്ഥാനത്ത് നടപ്പാക്കേണ്ട നടപടികളെക്കുറിച്ച് സ്റ്റാലിന്‍ ചര്‍ച്ച ചെയ്തു. സുരക്ഷ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി ‘റോഡ് സുരക്ഷാ അതോറിറ്റി’ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

റോഡ് സുരക്ഷ ജനകീയമാക്കി മാറ്റുന്നതിന് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്‍ജിഒകള്‍, എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button