5000 രൂപയ്ക്കായി പലിശക്കാരുടെ ഭീഷണി; തൃശൂരില്‍ പെയിന്റിങ് തൊഴിലാളി ജീവനൊടുക്കി

തൃശൂര്‍:കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്റിങ് തൊഴിലാളി ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ഈ മാസം 12 ന് ആത്മഹത്യ ചെയ്തത്.ദിവസം 300 രൂപ പലിശയ്ക്ക് 5,000 രൂപ രമേശ് കൊള്ളപ്പലിശക്കാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിരുന്നു. ഓഗസ്റ്റ് ആറാം തിയതിയാണ് കടമെടുത്തത്. 10,300 രൂപ തിരിച്ച് കൊടുത്തെങ്കിലും കൊള്ളപ്പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രമേശിന്റെ കുടുംബം ആരോപിച്ചു. പലിശക്കാര്‍ രമേശിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

കുടുംബ സുഹൃത്തിന്റെ ബന്ധുവിന്റെ കമ്പനിയില്‍ നിന്നാണ് പണം കടമെടുത്തത്. കടം വാങ്ങിയതിന്റെ ഇരട്ടി തുക തിരിച്ച് കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെട്ടതോടെ ഭീഷണി കൂടി. ഇതില്‍ മനം നൊന്താണ് രമേശ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൊള്ളപ്പലിശക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രമേശിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News