തമിഴ്‌നടി നമിത ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചതിന് മലയാളം നടി നമിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബി.ജെ.പി അനുഭാവികള്‍!
തമിഴ്നടി നമിതാ കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ അംഗത്വം സ്വീകരിച്ചത് മലയാളം നടി നമിതാ പ്രമോദ് ആണെന്ന് തെറ്റിദ്ധരിച്ച് നമിതയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി അനുഭാവികള്‍. നമിതാ പ്രമോദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ബിജെപി അനുഭാവികള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘നരേന്ദ്ര മോഡിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ധ്വജപ്രണാമം. സംഘപുത്രി,’ ധ്വജ പ്രണാമം നമിതാ ജി’, എന്നിങ്ങനെയാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘അജയ്യനായ ശ്രീ നരേന്ദ്ര മോഡിയുടെ ഭരണ പാടവവും എളിമത്വവും കണ്ട് രാജ്യത്തിന്റെ പരമോന്നത പാര്‍ട്ടി ആയ ഹിന്ദുക്കളുടെ സംരക്ഷണ കവചം ആയ ബിജെപിയിലേക്ക് വന്ന നമിതാ ജിക്ക് ഒരു പിടി താമരപ്പൂക്കള്‍ കൊണ്ട് ഒരു ധ്വജ പ്രണാമം നേരുന്നു- എന്നാണ് ഒരാള്‍ ആശംസിച്ചിരിക്കുന്നത്. കമന്റിലൂടെയാണ് ബിജെപി അനുഭാവികള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അതിനിടയില്‍ ട്രോളന്മാരും നമിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. നവംബര്‍ 30നാണ് തമിഴ് നടി നമിതാ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.