നജീബും ആടുമായി ലൈംഗിക ബന്ധം:സെന്‍സര്‍ബോഡ് കട്ട് ചെയ്‌തെന്ന് ബെന്യാമിന്‍,സീനേ ഷൂട്ട് ചെയ്തില്ലെന്ന് ബ്ലെസി,സംഭവം നിഷേധിച്ച് നജീബ്
കൊച്ചി:പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുകളായി പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ഇതാ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
ഇതിനകം ആഗോളതലത്തില്‍ ആടുജീവിതം 30 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ ആഗോളതലത്തില്‍ റിലീസിന് ആകെ 80 കോടി രൂപയില്‍ അധികം ആയിരുന്നു. തേജ സജ്ജയുടെ ഹനുമാൻ 24 കോടി രൂപയില്‍ അധികവും റിലീസിന് ആകെ കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡാണ് പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനില്‍ റിലീസിന് നേടിയിരിക്കുന്നത്. മോഹൻലാലിന്റെ മരക്കാറാണ് മലയാളത്തിനറെ ഓപ്പണിംഗ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്തുള്ളത്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തില്‍ റിലീസിന് 19 കോടി നേടിയപ്പോള്‍ ഒടിയൻ 17.50 കോടി നേടി മൂന്നാമതുണ്ട്.
കേരളത്തില്‍ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം നേടിയത്. 2024ലെ മലയാളത്തിന്റെ കേരള റിലീസ് കളക്ഷൻ കണക്കിലെടുത്താൻ നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജിന്റെ മേക്ക് ഓവറും ബ്ലെസിയുടെ സംവിധാന മികവും ക്യാമറയും മേക്കപ്പും ഗ്രാഫിക്‌സും മ്യൂസിക്കും തുടങ്ങി സകല മേഖലകളും മികവു പുലര്‍ത്തിയപ്പോള്‍ മികച്ച ഒരു ക്ലാസിക്കായി ആടുജീവിതം മാറി. നോവലിലെ പല രംഗങ്ങളും അതേ തീവ്രതയോടെ സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസിക്കായി. നജീബായി ആദ്യവസാനം പൃഥ്വിരാജ് ജീവിച്ചു.
എന്നാല്‍ ഇതിനിടെ ചില വിവാദങ്ങള്‍ കൂടി സിനിമയെ തേടിയെത്തിയിരിക്കുകയാണ്. നജീബും ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായ ഒരു ഭാഗം ബെന്യാമിന്‍ നോവലില്‍ എഴുതിയിരുന്നു. അത്തരമൊരു രംഗം പക്ഷേ സിനിമയില്‍ ഉണ്ടായിരുന്നില്ല.നോവലിലെ ചില ഭാഗങ്ങള്‍ വേണ്ടെന്ന് തിരക്കഥ എഴുതുമ്പോള്‍ തീരുമാനിച്ചുവെന്നും. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞുവെന്നുമായിരുന്നു ബെന്യാമിന്‍ ഇതിന് നല്‍കിയ വിശദീകരണം.
‘നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്‌ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങള്‍ ഒഴിവാക്കി.
മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൊടുത്തപ്പോള്‍ ആ സീന്‍ ഉണ്ടെങ്കില്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാന്‍ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ആ ഭാഗം. പക്ഷേ അക്കാര്യം സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത്,’ എന്നായിരുന്നു ബെന്യാമിന്‍ പറഞ്ഞത്.
എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു മറുപടിയാണ് ബ്ലെസി നല്‍കിയത്. എന്തുകൊണ്ടാണ് അത്തരമൊരു രംഗം സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്ന ചോദ്യത്തിന് നോവലിന്റെ ഭാഗമായി ചേര്‍ത്ത അത്തരം കാര്യങ്ങള്‍ താന്‍ സിനിമയില്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ബ്ലെസിയുടെ മറുപടി.
അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ലെന്നും തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുമെന്നും അത്തരം രംഗങ്ങള്‍ നജീബിന്റെ കാത്തിരിപ്പിന്റെ തീവ്രതയെ കുറയ്ക്കുമെന്നുമായിരുന്നു ബ്ലെസി പറഞ്ഞത്.
‘ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ യാതൊരു ബാധ്യസ്ഥതയും ഇല്ലാത്ത ഒരാളാണ് ഞാന്‍. കാരണം ഇന്നതെല്ലാം ചെയ്യാം, ഇന്നതെല്ലാം കാണിച്ചോളാം എന്നൊരു എഗ്രിമെന്റ് ഞാനും ബെന്യാമിനും തമ്മിലില്ല.
സൈനു എന്ന തന്റെ നാട്ടില്‍ കാത്തിരിക്കുന്ന ഒരു പെണ്ണിനെ മനസില്‍ കൊണ്ടുനടക്കുന്ന മനുഷ്യനെ വൈകാരികമായിട്ടാണ് ഞാന്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്. അയാളുടെ മനസിലേക്ക് എത്തുന്ന പലതരം കാര്യങ്ങളുണ്ട്.
മാത്രമല്ല സിനിമ എന്ന് പറഞ്ഞാല്‍ ഒരു തുടര്‍ച്ചയുണ്ട്. ഞാന്‍ ഇന്ന് എന്തെങ്കിലും ഒരു കാര്യം ചെയ്തു എന്നുണ്ടെങ്കില്‍ ഇതിന്റെ ഹൃദയഭാരത്തിലായിരിക്കും അടുത്ത സീന്‍ വരേണ്ടത്. അതിന്റെ കണ്ടിന്യൂറ്റിയില്‍ ആയിരിക്കും സന്ധ്യക്ക് ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുക.
ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വഹിച്ചുകൊണ്ടാണ് നമ്മള്‍ യാത്ര ചെയ്യുന്നത്, അത് സിനിമയുടെ ഇമോഷണല്‍ കണ്ടിന്യൂറ്റിയാണ്. സാഹിത്യത്തെ സംബന്ധിച്ച് ഒരു അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടുത്ത ചാപ്റ്ററില്‍ നമ്മള്‍ക്ക് തുടര്‍ച്ചയായി തോന്നണമെന്നില്ല.
ചിലപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞ കാര്യമായിരിക്കും അടുത്ത ഭാഗങ്ങളില്‍ പറയുക. ഇന്നലെ സംഭവിച്ചതിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ലാതെ പോകാന്‍ പറ്റും. ഇതൊക്കെയാണ് സ്റ്റഡി ചെയ്യേണ്ടത്. ഇതൊക്കെ വളരെ ചെറിയ ചോദ്യങ്ങളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു.
നജീബ് വഹിക്കുന്ന ആ മാനസികാവസ്ഥയ്ക്ക് തുടര്‍ച്ചയുണ്ടോ? ആടുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിന് ശേഷമുള്ള തുടര്‍ച്ച എന്താണ്? ആ തുടര്‍ച്ച ഉണ്ടെങ്കില്‍ അതില്‍ നിന്ന് വളരെ വളരെ വ്യത്യസ്തമായ സീനുകളിലേക്ക് പോകേണ്ടി വരും.അത്തരത്തിലുള്ള തുടര്‍ച്ച എനിക്ക് ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പിന്നീടുണ്ടാകുന്ന കാത്തിരിപ്പിനൊന്നും ഒരു ധാരണയില്ലാത്ത അവസ്ഥയായി മാറും. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.
ഇതിനെ ഞാന്‍ വളരെയേറെ സൈക്കോളജിക്കലി പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇത്. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം എനിക്ക് പറയേണ്ടതിന്റെ ബാധ്യതയില്ല,’ എന്നായിരുന്നു ബ്ലെസിയുടെ മറുപടി.
ഇതേ ചോദ്യത്തിന് നജീബ് പറഞ്ഞ മറുപടി അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ആടുകളെ തന്റെ മക്കളായിട്ടാണ് താന്‍ കണ്ടതെന്നുമാണ്. ഇത്തരം കാര്യങ്ങളൊക്കെ നോവലിന് വേണ്ടി എഴുതിച്ചേര്‍ത്തതാണെന്നും അങ്ങനെയൊരു അവസ്ഥയില്‍ ആരെങ്കിലും ആ രീതിയില്‍ പെരുമാറുമോ എന്നും നജീബ് ചോദിച്ചു. അത്തരമൊരു കാര്യം നോവലില്‍ ചേര്‍ത്തതിലുള്ള വിയോജിപ്പ് അന്ന് തന്നെ ബെന്യാമിനോട് പറഞ്ഞിരുന്നെന്നും നജീബ് പറഞ്ഞു.
‘അത്തരം കാര്യങ്ങളൊക്കെ ബെന്യാമിന്‍ സാര്‍ നോവലില്‍ എഴുതിയാണ്. വായനക്കാര്‍ക്ക് വേണ്ടി എഴുതിയതായിരിക്കും. ആടിനെ ഞാന്‍ എന്റെ മക്കളെപ്പോലെയാണ് കണ്ടത്. എന്റെ മക്കളാണ് ആ ആടുകളെല്ലാം. ഒരാടിനെ പ്രസവിച്ചപ്പോള്‍ അത് ആണ്‍കുട്ടിയായിരുന്നു.
അതിന് ഞാന്‍ നബീല്‍ എന്ന് പേരിട്ടു. എപ്പോഴും തോളില്‍ ഇട്ടുകൊണ്ടാണ് നടന്നത്. ആടുകളെയെല്ലാം ഞാന്‍ സ്‌നേഹിച്ചു. എന്റെ വായില്‍ വരുന്ന പേരുകളൊക്കെ ഞാന്‍ വിളിക്കും.
അവിടെ നിന്നും രക്ഷപ്പെട്ട് ഓടിപ്പോകുമ്പോള്‍ എനിക്ക് വിഷമമുണ്ടായിരുന്നു. ഇത്രയും നാള്‍ നോക്കിയിട്ട് അവറ്റകളെ ഒറ്റക്കിട്ട് പോരുന്നതില്‍ വിഷമം ഉണ്ടായിരുന്നു. തീറ്റകൊടുക്കാന്‍ ആളില്ലല്ലോ എന്നൊക്കെ തോന്നിയിരുന്നു.
ബെന്യാമിന്‍ നോവലില്‍ പറഞ്ഞപോലെ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. നമ്മള്‍ക്ക് അത് ചെയ്യാന്‍ പറ്റുമോ. തലയ്ക്ക് സ്ഥിരമില്ലാതിരിക്കണം അങ്ങനെ ചെയ്യണമെങ്കില്‍. നോവലിന് വേണ്ടി അദ്ദേഹം എഴുതിച്ചേര്‍ത്തതാണ് അതൊക്കെ. ആടുകളെ നൂറ് ശതമാനം ഞാന്‍ സ്‌നഹേിച്ചുവളര്‍ത്തുകയായിരുന്നു.
എല്ലാ ആട്ടിന്‍കുട്ടികളേയും മടിയില്‍ വെച്ച് വളര്‍ത്തി. പ്രസവിച്ച ആടിനെ തോളില്‍വെച്ച് കൊണ്ടുനടന്നു. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. കഥയ്ക്ക് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞു. നമ്മുടെ ആളുകളൊക്കെ ഇത് വായിക്കേണ്ടതല്ലേ എന്ന് ചോദിച്ചിരുന്നു.
കുടുംബത്തിലുള്ളവര്‍ക്കൊക്കെ നമ്മളെ കുറിച്ച് അറിയാം. അവരോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. നോവലിനായി കൂട്ടിച്ചേര്‍ത്ത കാര്യങ്ങളൊക്കെ പറഞ്ഞു. അങ്ങനെ എഴുതിയത് എനിക്കും വിഷമമായിപ്പോയി. ഞാന്‍ ബെന്യാമിന്‍ സാറിനെ വിളിക്കുന്നുണ്ട്. എനിക്ക് അത് ചോദിക്കണം,’ നജീബ് പറഞ്ഞു.