ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യേയും നടി തൃഷയേയും ചേർത്തുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. വിവാദ പ്രസ്താവന അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തൃഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം.
‘അത് അബദ്ധത്തിൽ പറഞ്ഞ പരാമർശമാണ്. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗത്തിന്റെ അധ്യക്ഷ വനതി ശ്രീനിവാസനും അണ്ണാമലൈയും എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’ -നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം എന്നായിരുന്നു നൈനാർ നടത്തിയ വിവാദ പരാമർശം. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തൃഷ ഇതിനോട് പ്രതികരിച്ചത്. താൻ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. രാഷ്ട്രീയനിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെ.യും ടിവികെയും തമ്മിലാണെന്ന സേലം റാലിയിലെ വിജയ്യുടെ പ്രസംഗമാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിതനാക്കിയത്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽനിന്ന് പുറത്തിറങ്ങണം. മുതിർന്നവർ പറയുന്നത് കേൾക്കണം. നിർഭാഗ്യമെന്നു പറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണമെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞിരുന്നു.
Nainar Nagendran, the President of the Tamil Nadu BJP, has expressed regret over his derogatory remarks involving actor-politician Vijay and actress Trisha. Following a strong public backlash and a sharp response from Trisha herself, Nagendran clarified that the controversial statement was a “slip of the tongue” and happened unintentionally. The incident had sparked significant outrage among fans and the film fraternity, especially given Vijay’s recent full-time entry into politics with his party, Tamizhaga Vettri Kazhagam (TVK).


