ടൊവിനോ തോമസും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘കാണെക്കാണെ’. ഡയറക്ട് ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനു അശോകന്‍ സംവിധാനം ചെയ്തത്. ഇപ്പോഴിതാ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കാണെക്കാണെയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
”കാണെക്കാണെ ‘അവിഹിത’ബന്ധങ്ങളെ നോര്‍മലൈസ് ചെയ്യുന്നുണ്ടോ? ഉത്തരമിതാണ് – അത് സങ്കീര്‍ണമാണ്,” എന്നായിരുന്നു എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായി രംഗത്തെത്തി. വിലയിരുത്താനും കമന്റ് ചെയ്യാനും വളരെ എളുപ്പമായിരുന്നല്ലോ എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്. ഞാന്‍ കമന്റ് ചെയ്യുകയായിരുന്നില്ല, ആശ്ചര്യപ്പെടുകയായിരുന്നു എന്നാണ് എന്‍.എസ്. മാധവന്‍ ഇതിന് നല്‍കിയ മറുപടി.
Does #Kaanekkaane normalise adultery? Answer is: it’s complicated. 🤷♀️
— N.S. Madhavan (@NSMlive) September 28, 2021
ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാണെക്കാണെ എന്ന പുതിയ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം എല്ലാവരും ഏറ്റെടുത്തിരുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്.