മിസോറാം: മ്യാന്‍മര്‍ സൈനിക വിമാനം ലെങ്പുയി വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് തെന്നിമാറി എട്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി കുറ്റിക്കാട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് മിസോറാം ഡി.ജി.പി. അനില്‍ ശുക്ല പറഞ്ഞു.
14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടനെ ലെങ്പുയി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഡി.ജി.പി. വ്യക്തമാക്കി.
വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് മിസോറമിലെത്തിയ മ്യാന്‍മര്‍ സൈനികരെ തിരികെ കൊണ്ടുപോകാനാണ് വിമാനം ലെങ്പുയിലെത്തിയത് എന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാന്‍മര്‍ സൈനികരാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതെന്നാണ് കണക്ക്. മിസോറാമിലെ ലൗങ്ത്‌ലായ് ജില്ലയിലേക്കാണ് സൈനികര്‍ അഭയാര്‍ഥികളായി എത്തിയത്. പടിഞ്ഞാറന്‍ മ്യാന്‍മറിലെ സംസ്ഥാനമായ റാഖൈനിലെ സൈനിക ക്യാമ്പുകള്‍ വിഘടനവാദികളായ അരാക്കന്‍ ആര്‍മി (എ.എ) പിടിച്ചെടുത്തതോടെയാണ് സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.