പാലക്കാട്:സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഉല്ലാസയാത്രയ്‌ക്കെത്തിയ ഫിറ്റ്‌നസില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഞായറാഴ്ച രാവിലെ പാലക്കാട്-പൊള്ളാച്ചി പാതയില്‍ പോളിടെക്‌നികിന് മുന്‍വശത്തു നടത്തിയ പരിശോധനക്കിടെയാണ് ഫിറ്റ്‌നസില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം പിടികൂടിയത്.
കോഴിക്കോട് വെള്ളിമാടുകുന്നിലെ സ്‌കൂളില്‍നിന്ന് കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയ ബസാണ് പിടികൂടിയത്. വാഹനത്തില്‍ 32 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളുമായി ഉല്ലാസയാത്രയ്ക്ക് പുറപ്പെടുംമുന്‍പ് മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് വാങ്ങേണ്ട രേഖകളും നികുതിലൈസന്‍സും ബസുകാരുടെ പക്കലുണ്ടായിരുന്നില്ല.
ഇതിനെല്ലാമായി 12,750 രൂപ പിഴ ചുമത്തി. വിദ്യാര്‍ഥികള്‍ക്ക് കൊടൈക്കനാലിലേക്ക് പോകുന്നതിനായി മോട്ടോര്‍ വാഹനവകുപ്പുതന്നെ മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. എം.വി.ഐ. യു. ബിജുകുമാര്‍, അസി. എം.വി.ഐ.മാരായ എ. ഹരികൃഷ്ണന്‍, എന്‍. സാബിര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ഥികളെ ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോകുന്നതിനുമുന്‍പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ഇപ്പോഴും അറിവില്ലെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.