2023 ൽ ക്യാമറ സ്ഥാപിച്ചു, ‘പിഴയില്ലെന്ന് കരുതി നിയമലംഘനം തുടര്‍ന്ന് നാട്ടുകാര്‍; ഒടുവില്‍ മുന്നൂറോളം പേര്‍ക്ക് രണ്ടുവര്‍ഷത്തെ നോട്ടീസ് ഒന്നിച്ചയച്ച് എംവിഡി; പിഴത്തുക ഒരുലക്ഷത്തിലേറെ,വാഹന ഉടമകളുടെ കീശകാലിയാകും

കാസര്‍കോട്: ദേശീയ – സംസ്ഥാന പാതകളില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എ ഐ ക്യാമറ ഇത്രവലിയ പണിയാകുമെന്ന് കാസര്‍കോട് കുമ്പള ടൗണ്‍ നിവാസികള്‍ പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് വര്‍ഷത്തെ പിഴ ഒരുമിച്ച് അടക്കാനുള്ള നോട്ടീസ് കയ്യില്‍ കിട്ടിയതോടെ നെട്ടോട്ടത്തിലാണ് പ്രദേശവാസികള്‍.

2023 മുതലുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒന്നിച്ചയച്ചത്. കാസര്‍കോട്ട് മുന്നൂറോളം പേര്‍ക്കാണ് രണ്ടുവര്‍ഷത്തെ പിഴ അടയ്ക്കാനുള്ള നോട്ടീസ് ഒന്നിച്ച് ലഭിച്ചത്. ചിലര്‍ക്ക് ഒരുലക്ഷത്തിന് മുകളിലാണ് പിഴ ലഭിച്ചത്. കുമ്പള-ബദിയടുക്ക റോഡില്‍ കുമ്പള ടൗണിന് സമീപം സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് നാട്ടുകാര്‍ക്ക് പണി കൊടുത്തത്.

2023ലാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഇതുവരെ ആര്‍ക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികള്‍. ഇത് വിശ്വസിച്ച് നിയമലംഘനം നടത്തിയവര്‍ക്കാണ് വന്‍ പണി ലഭിച്ചിരിക്കുന്നത്. ഇരുചക്രവാഹന ഉടമകള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി. വാഹനം വിറ്റാല്‍ പോലും പിഴത്തുക അടക്കാനുള്ള തുക ലഭിക്കില്ലെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ ചുരുങ്ങിയത് 15 ദിവസത്തിനുള്ളില്‍ ചെല്ലാന്‍ അയയ്ക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 2023ല്‍ സമാന വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിനെ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

എംവിഡിയുടെ കൃത്യവിലോപത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒരുമിച്ച് പിഴ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് ആവശ്യം. വിഷയം വീണ്ടും കോടതിയില്‍ എത്തിയാല്‍ സര്‍ക്കാരിന് വിമര്‍ശനം നേരിടേണ്ടി വരുമെന്നും പ്രദേശവാസികള്‍ പറയുന്നു.

മാത്രമല്ല, ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന വിവരം ജനങ്ങള്‍ക്ക് ബോധ്യമാകണമെങ്കില്‍ കൃത്യവിലോപങ്ങള്‍ക്ക് കാലതാമസം കൂടാതെ പിഴ അറിയിപ്പ് നിയമലംഘനം നടത്തുന്നവര്‍ക്ക് അയക്കേണ്ടിയിരുന്നു. അങ്ങനെ നിയമം പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു, അപകടങ്ങള്‍ക്കുളള സാധ്യതയും കുറയുമായിരുന്നുവെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News