എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കെഎസ്​വൈഎഫ് പ്രവർത്തകനായാണ് ഗോവിന്ദൻ സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന്  കെഎസ്​വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്.

എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്‌ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി. ജയരാജൻ വെടിയേറ്റ് ചികിൽസയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. 

മൊറാഴയിലെ കെ. കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടിൽ മാധവിയുടേയും ആറു മക്കളിൽ രണ്ടാമൻ. തളിപ്പറമ്പ് നഗരസഭാ ചെയർപഴ്‌സനായിരുന്ന പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, കുട്ടൻ എന്നിവർ മക്കൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News