InternationalNews

നായയാകണം, മനുഷ്യൻ വസ്ത്രത്തിന് വേണ്ടി ചെലവഴിച്ചത് 12 ലക്ഷം രൂപ!

എല്ലാവർക്കും സ്വപ്നങ്ങളുണ്ടാകും. അത് നേടാനായി എത്ര കഷ്ടപ്പെടാനും ആളുകൾ തയ്യാറാകുന്നു. ജപ്പാനി(Japan)ൽ നിന്നുള്ള ഒരു വ്യക്തിയ്ക്ക് എന്നാൽ വളരെ വിചിത്രമായ ഒരു ആഗ്രഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊന്നുമല്ല, ഒരു നായ(dog)യായിത്തീരുക. ടോക്കോ എന്നാണ് വ്യക്തിയുടെ പേര്. മനുഷ്യൻ ഒരു നായയായി മാറുക എന്നത് നടപ്പുള്ള കാര്യമല്ല എന്ന് അദ്ദേഹത്തിനുമറിയാം. അതുകൊണ്ട് അദ്ദേഹം നായയെ  പോലെ തോന്നിപ്പിക്കുന്ന വേഷവിധാനം ധരിക്കാൻ ആഗ്രഹിച്ചു.

അങ്ങനെ സെപ്പെറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അവർ ഒരു നായയുടെ രൂപത്തിലുള്ള വസ്ത്രം രൂപകൽപന ചെയ്തു കൊടുക്കാമെന്ന് ഏറ്റു. ഒടുവിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ചിരകാലസ്വപ്‍നം സഫലമായിരിക്കയാണ്. അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടായ @toco_eevee -ൽ വസ്ത്രത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ചിത്രങ്ങൾ ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാണ്.

നായയുടെ വേഷം ധരിച്ച് അദ്ദേഹം നിൽക്കുന്ന ചിത്രം കാണുമ്പോൾ ഇത് നായയല്ല ഒരു മനുഷ്യനാണെന്ന് വിശ്വസിക്കാൻ നമുക്ക്‌ പ്രയാസം തോന്നും. അതേസമയം, ഈ വസ്ത്രം ഉണ്ടാക്കാൻ കമ്പനിയ്ക്ക് 40 ദിവസമെടുത്തു.  ഇതിനായി ടോക്കോയ്ക്ക് ചിലവായതോ 12 ലക്ഷത്തിലധികം രൂപയും. എന്നാൽ, ഇത്രയേറെ പണം ചിലവാക്കേണ്ടി വന്നതിൽ അദ്ദേഹത്തിന് തെല്ലും പശ്ചാത്താപമില്ല. തന്റെ ചിരകാലമോഹം നടന്ന് കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം.

വസ്ത്രത്തിന് നായയുടേത് പോലുള്ള നാല് കാലുകളും, നീളമുള്ള ഒരു വാലും, ശരീരം മൂടുന്ന മുടിയും എല്ലാമുണ്ട്. എന്തിനാണ് ഒരു നായയുടെ രൂപം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ടോക്കോ പറഞ്ഞത്: “നായയാകുമ്പോൾ കുറിച്ച് കൂടി റിയലിസ്റ്റിക് ആകും. എന്റെ അഭിരുചിയ്ക്കും വേഷവിധാനത്തിനും ചേരുന്നതും അത് തന്നെയാണ്. കൂടാതെ, എനിക്ക് നായകളെ പൊതുവെ ഇഷ്ടമാണ്, പ്രത്യേകിച്ച് ഭംഗിയുള്ള, ക്യൂട്ടായവയെ.” മാത്രമല്ല, മനുഷ്യനോളം വലിപ്പമുള്ള ഒരു മൃഗത്തെ ആളുകൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാണുമെന്ന് കരുതിയാണ് ഈ വേഷവിധാനം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അത് ഒരു റിയലിസ്റ്റിക് മോഡലായിരിക്കുമെന്ന് താൻ കരുതിയെന്നും ടോക്കോ കൂട്ടിച്ചേർത്തു.  

എന്നാൽ, നായയുടെ വേഷത്തിൽ കയറി നടക്കുമ്പോൾ, കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ, നിയന്ത്രണങ്ങളുണ്ടെങ്കിലും തനിക്ക് ചലിക്കാൻ കഴിയുമെന്ന് ടോക്കോ പറഞ്ഞു. “എന്നാൽ, നിങ്ങൾക്ക് ഒരുപാട് ചലിക്കാൻ സാധിക്കില്ല. ചലിച്ചാൽ, പിന്നെ നിങ്ങൾ നായയല്ലാതാകും” ടോക്കോ പറഞ്ഞു. അദ്ദേഹം തന്റെ ഫോളോവേഴ്സിനോട് നായയുടെ വേഷം ധരിച്ച് താൻ എങ്ങനെയൊക്കെയാണ് പോസ് ചെയ്യേണ്ടതെന്നും, വീഡിയോകൾ എടുക്കേണ്ടതെന്നും ചോദിക്കുന്നു. ഈ നായയുടെ വേഷത്തിൽ അല്ലാതെയുളള ടോക്കോയുടെ വേറെ ചിത്രങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button