കോഴിക്കോട്:ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 – 17 ൽ പിരിച്ച 16.5 കോടിയും 2020 ൽ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്.
പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര്. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. അതേസമയം, പദവിയൊഴിയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെന്നാണ് വിവരം. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയ മുഈനലി തങ്ങളുടെ കാര്യത്തിൽ എന്ത് വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് തീരുമാനിക്കും. ഇന്നലെ ഉന്നതാധികാരസമിതിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് തങ്ങളെ ബോധ്യപെടുത്തി വിഷയം അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒത്തുത്തീര്‍പ്പ് ഉണ്ടാകുകയായിരുന്നു. ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്‍റെ അവകാശ വാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്നവർ ഇത് തള്ളുകയാണ്.