മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, നിർണ്ണായക നീക്കവുമായി മുസ്ലിം ലീഗ് നേതൃത്വം. ബുധനാഴ്ച രാവിലെ 10 മണിക്ക് പാണക്കാട്ട് വെച്ച് അടിയന്തര നേതൃയോഗം ചേരാൻ ലീഗ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കേണ്ട ഘട്ടത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചാലുടൻ സ്വീകരിക്കേണ്ട തുടർനിലപാടുകൾ യോഗത്തിൽ ചർച്ചയാകും. പാർട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിലും ഈ യോഗത്തിൽ പ്രാഥമിക ധാരണയുണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്ന വികാരം ലീഗിനുള്ളിൽ ശക്തമാണ്. വിഷയത്തിൽ പരസ്യവിമർശനവുമായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾഹമീദ് രംഗത്തെത്തിയത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകർ കേരളത്തിലെത്തിയപ്പോൾ തന്നെ ലീഗ് തങ്ങളുടെ കൃത്യമായ നിലപാട് അറിയിച്ചിരുന്നു. എന്നിട്ടും ഹൈക്കമാൻഡ് തീരുമാനം വൈകിക്കുന്നത് അണികൾക്കിടയിൽ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യം മുന്നണിയുടെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ഭരണത്തെ ബാധിക്കരുത് എന്ന കർശന നിർദ്ദേശം ലീഗ് നൽകിയേക്കും. വി.ഡി. സതീശനായി ലീഗ് നേരത്തെ തന്നെ പരോക്ഷ പിന്തുണ നൽകിയിരുന്നുവെങ്കിലും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം എന്താകുമെന്ന് ലീഗ് ഉറ്റുനോക്കുന്നു. മന്ത്രിസഭാ രൂപീകരണത്തിൽ ലീഗിന് ലഭിക്കേണ്ട വകുപ്പുകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. വരും ദിവസങ്ങളിൽ യുഡിഎഫിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിനും നിർണ്ണായകമാകും.
The Muslim League has called for a crucial leadership meeting on Wednesday at Panakkad, as the delay in the Congress party’s Chief Minister selection continues to cause unrest. The meeting, presided over by Panakkad Sadiq Ali Shihab Thangal, will discuss the party’s future course of action and ministerial candidates. Several League leaders, including P. Abdul Hameed, have already expressed dissatisfaction, stating that the prolonged decision-making process has overshadowed the UDF’s election victory.


