ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി കെ.പി.സി.സിയ്ക്ക് അയച്ച കത്ത് വിവാദമാകുന്നു. ആരോപണം ഏറ്റെടുത്ത് മുസ്ളീംലീഗും രംഗത്ത് വന്നിരിക്കുകയാണ്. നടനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോട് ധര്‍മ്മജന്‍ നന്ദികേട് കാട്ടുന്നു എന്നാരോപിച്ച് മുസ്ളീംലീഗ് രംഗത്ത് വന്നു.
മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മജന്‍ മുസ്ലിം ലീഗിനെതിരെ ആരോപണങ്ങളുയര്‍ത്തിയത്. തോല്‍വിയില്‍ മണ്ഡലത്തിലെ മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നും വോട്ട് കുറഞ്ഞെന്നായിരുന്നു ധര്‍മ്മജന്റെ ആരോപണം.
എന്നാല്‍ നടന്‍ കാട്ടുന്നത് നന്ദികേടാണെന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ലീഗ് പ്രവര്‍ത്തകരോടും നേതാക്കന്മാരോടും കാണിക്കുന്ന നന്ദികേടാണ് ധര്‍മജന്റെ ആരോപണങ്ങളെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പ്രവര്‍ത്തകര്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും ലക്ഷങ്ങള്‍ പണം പിരിച്ചെന്നും ആയിരുന്നു നേരത്തേ ധര്‍മ്മജന്‍ കെപിസിസിയ്ക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതം ആണെന്നാണ് മുസ്ളീംലീഗ് വിഭാഗം നല്‍കിയിരിക്കുന്ന മറുപടി. കേരളത്തിലുടനീളം ഉണ്ടായ ഇടതുതരംഗമാണ് ബാലുശ്ശേരിയിലും സംഭവിച്ചത്. പൊതുവായി ഉണ്ടായ ഈ രാഷ്ട്രീയ സാഹചര്യത്തിന് അപ്പുറത്ത് മറ്റ് വിപരീത സാഹചര്യമൊന്നും ബാലുശ്ശേരിയില്‍ ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിനോട് 20223 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ തോറ്റത്.
പരാതി വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. മുന്നണി നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും അവരുടെ വിജയത്തിനായി മുന്നിട്ടിറങ്ങുന്ന പാരമ്പര്യമാണ് ലീഗിനുള്ളത്. തെരഞ്ഞെടുപ്പില്‍ തോറ്റതുമായി ബന്ധപ്പെട്ട് ലീഗിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും തല്‍പരകക്ഷികള്‍ ഇതില്‍ നിന്നും പിന്മാറണമെന്നും ബാലുശ്ശേരി മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതൃയോഗം പറഞ്ഞു.