ലക്ഷദ്വീപ്:വിവാദ ഉത്തരവുകൾക്ക് സ്റ്റേയില്ല,കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം
കൊച്ചി:ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്കരണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവായി.
വിവാദ ഉത്തരവുകൾ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹർജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനോട് കോടതി നിർദേശിക്കുകയായിരുന്നു.
വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തിൽ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപ് വിഷയത്തിൽ മറ്റൊരുപൊതുതാത്പര്യ ഹർജി കൂടി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.