KeralaNews

‘ലീഗ് അഭിവാജ്യഘടകം’ യുഡിഎഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ നടപ്പില്ലെന്ന് സതീശന്‍

തിരുവനന്തപുരം: ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫില്‍  കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ പറഞ്ഞു. ലീഗ് യു ഡി എഫിന്‍റെ അഭിവാജ്യഘടകമാണ്.

ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തി. ഇതില്‍ സന്തോഷമെന്നും സതീശന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിച്ചു. ജെബി മേത്തര്‍ബില്ലിനെ ശക്തമായി എതിര്‍ത്തു. അബ്ദുല്‍ വഹാബിന്‍റെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു. 

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മുസ്ലീം ലീഗ് നിലപാട് സര്‍ക്കാരിനൊപ്പമായിരുന്നു.        നിയമസഭയില്‍ വിഷയം വന്നപ്പോള്‍ ലീഗിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസിനും സര്‍ക്കാരിനെ പിന്തുണക്കേണ്ടിവന്നു.

പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയത് മുതല്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം എല്‍ഡിഎഫ് പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായം പറയുന്നത് ലീഗിലും യു ഡി എഫിലുമൊക്കെ ചര്‍ച്ചയുമായിരുന്നു. ഇതിനിടെയാണ് ശരിയത്ത് വിവാദകാലം മുതല്‍ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി സി പി എം നേതൃത്വം ലീഗിനെ പ്രശംസിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button