സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  

മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനിലെ’ സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ അത്രമേല്‍ ത്രസിപ്പിച്ചു.

തൊണ്ണൂറുകളോടെ എസ്.പി വെങ്കടേഷ് മലയാളത്തില്‍ തിളങ്ങി. രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു.പൈതൃകം എന്ന സിനിമയ്ക്ക്  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News