മാജിക് മഷ്‌റൂം കൊണ്ട് ചായ ഉണ്ടാക്കി ഞരമ്പില്‍ കുത്തിവെച്ചു; യുവാവിന്റെ ശരീരത്തില്‍ കൂണുകള്‍ മുളച്ചു!
വാഷിംഗ്ടണ്‍: സ്വന്തമായി തയ്യാറാക്കിയ മാജിക് മഷ്‌റൂം ചായ ഞരമ്പിലേക്ക് കുത്തിവച്ച യുവാവിന്റെ ശരീരത്തില്‍ കൂണുകള്‍ പൊട്ടിമുളച്ചു. വിഷാദ രോഗത്തിനുള്ള മരുന്നായാണ് മുപ്പതുകാരനായ യുവാവ് കൂണ്‍ ചായ കുത്തിവച്ചത്. നിരാശ, ഉത്കണ്ഠ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കൂണ്‍ ഉത്തമ മരുന്നാണെന്ന് ഇന്റര്‍നെറ്റില്‍ വായിച്ചറിഞ്ഞതിന് പിന്നാലെയായിരുന്നു യുവാവിന്റെ പ്രവര്‍ത്തി.
ഒപിയോയിഡ് ഡിപെന്‍ഡന്‍സ് ആന്‍ഡ് ഡിപ്രഷന്‍ എന്ന വിഷാദ അവസ്ഥയായിരുന്നു യുവാവിന്. ബൈപോളാര്‍ ഡിസോഡറുമുള്ള ഇയാള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്ന് കഴിയ്ക്കുന്നത് നിറുത്തിയിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റിലൂടെ 200 കൂണ്‍ വര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കിയത്.
കൂണുകള്‍ വെള്ളത്തില്‍ തിളപ്പിച്ചതിന് ശേഷം കോട്ടണ്‍ തുണിയില്‍ അരിച്ചെടുത്ത് നേരിട്ട് കൈഞരമ്പിലേക്ക് കുത്തിവച്ചു. ഇതിനുശേഷമാണ് യുവാവിന്റെ ഞരമ്ബിനുള്ളില്‍ കൂണുകള്‍ പൊട്ടിമുളച്ചത്. ക്ഷീണം, മഞ്ഞപ്പിത്തം, വയറിളക്കം, ഓക്കാനം തുടങ്ങിയ ബുദ്ധിമുട്ടുകളും യുവാവിനുണ്ടായി. യുവാവിന്റെ കരളും വൃക്കയും തകരാറിലായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
നീണ്ട 22 ദിവസത്തെ ആശുപത്രി വാസത്തിനിടെ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജേണല്‍ ഒഫ് അക്കാദമി ഓഫ് കണ്‍സള്‍ട്ടേഷന്‍ ലൈസന്‍ സൈക്കാട്രിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.