ഗൃഹനാഥനെയും,ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊച്ചിയിൽ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി:ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. വാഴക്കുളം വീരപ്പന്‍കോളനിയില്‍ ചേന്നാട്ട് വീട്ടില്‍ സന്‍സില്‍ (20), മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ചെമ്പിത്തറയില്‍ വീട്ടില്‍ തോമസ് കുട്ടി (21), മഞ്ഞള്ളൂര്‍ ചേക്കോട്ട് വീട്ടില്‍ അഖില്‍ സന്തോഷ് (23), മൂവാറ്റുപുഴ നടുക്കര അറക്കപീടിക ഭാഗത്ത് തോട്ടുംചാലില്‍ വീട്ടില്‍ അല്‍ബിന്‍ (18) എന്നിവരെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.

വീരപ്പന്‍ കോളനിയിലെ കൊറ്റംചിറ വീട്ടില്‍ മരവടിയും, മൂര്‍ച്ചയേറിയ ചില്ല് കുപ്പിയും മറ്റുമായി ഇവര്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും തലക്കടിച്ചും കുത്തിയും മറ്റും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഇതില്‍ സന്‍സില്‍, അഖില്‍ സന്തോഷ് എന്നിവര്‍ വാഴക്കുളം പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റില്‍ ഉള്ളവരാണ്. വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിലെ കഞ്ചാവ് കേസ്, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയാണ് സന്‍സില്‍. അഖില്‍ സന്തേഷിനെതിരെ പോക്സോ ആക്റ്റ് കേസുകളും, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളും വാഴക്കുളം, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ സ്റ്റേഷനുകളിലായിട്ടുണ്ട്.

തോമസ് കുട്ടിക്കെതിരെ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകള്‍ മൂവാറ്റുപുഴ സ്റ്റേഷനിലും ഉള്ളതാണ്. കൃത്യത്തിന് ശേഷം കാറില്‍ കയറി രക്ഷപെടുകയായിരുന്നു ഇവര്‍. അന്വേഷണ സംഘത്തില്‍ വാഴക്കുളം ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍.എസ്, എഎസ്ഐ മാരായ സജീവന്‍.എന്‍.എന്‍. എല്‍ദോസ്.പി.വി, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ റജി തങ്കപ്പന്‍, സിപിഒ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News