നെടുമങ്ങാട്: രണ്ടാഴ്ച മുന്‍പ് നെടുമങ്ങാട് നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരാന്തറ ആര്‍.സി പള്ളിക്കു സമീപമുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാരാന്തല കുരിശടിയില്‍ മഞ്ജു (39)വിനെയും അമ്മയുടെ കാമുകന്‍ ഇടമല സ്വദേശി അനീഷി(27)നെയും തമിഴ്നാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ശേഷം ഇവര്‍ കടന്നുകളഞ്ഞതായാണ് പ്രഥമിക നിഗമനം. കുട്ടി ആത്മഹത്യ ചെയ്തതോടെ തങ്ങള്‍ നാടുവിടുകയായിരുന്നുവെന്ന് അമ്മയും കാമുകനും പറയുന്നുണ്ടെങ്കിലും അത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
മൃതദേഹത്തിന് 18 ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ വീടിനു പരിസരത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. പതിനൊന്നാം തീയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. 17നാണ് പരാതി ലഭിച്ചത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം. ഡി.എന്‍.എ പരിശോധന അടക്കം നടത്തേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. വാടകവീട്ടില്‍ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും കാണാനില്ലെന്ന് കാണിച്ച് അമ്മൂമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മുന്‍പ് നെടുമങ്ങാട് കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ കുടുംബത്തോട് അകന്ന് പറങ്ങോട് വാടകവീട്ടിലേക്ക് മാറിയിരുന്നു.
അമ്മയുടെ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയെയും കാമുകനെയും തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയപ്പോള്‍ പെണ്‍കുട്ടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലില്‍ അമ്മയും കാമുകനും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. കുട്ടിയെ കാണാനില്ലെന്നാണ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് കുട്ടി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അമ്മയും യുവാവും തമ്മിലുള്ള ബന്ധത്തിന് മകള്‍ തടസ്സം നിന്നതിനാല്‍ കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മകള്‍ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിപോയെന്നും അവളെ തിരക്കി തിരുപ്പതിയിലേക്ക് പോവുകയാണെന്നും വീട്ടുകാരോട് പറഞ്ഞശേഷമാണ് അമ്മ പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു. പോലീസില്‍ വിവരം അറിയിക്കേണ്ട എന്നും വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വന്നതോടെയാണ് മുത്തച്ഛനും മുത്തശ്ശിയും പോലീസിനെ സമീപിക്കുകയായിരിന്നു.