തമാശ പറയാം പക്ഷേ ഇത് അതിര് കടന്നു , ഇ.ശ്രീധരനെ പരിഹസിച്ച നടന്‍ സിദ്ധാര്‍ത്ഥിനെതിരെ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. നടന്‍ സിദ്ധാര്‍ത്ഥ് ‘മെട്രോമാന്‍’ ഇ.ശ്രീധരനെ പരിഹസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതിനേയും നടന്റെ വാക്കുകളെ പിന്തുണച്ചവരേയും വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷന്‍ മുരളി തുമ്മാരുകുടിയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. ഒരാളുടെ പ്രായത്തേയും
രൂപത്തേയും ഭാഷയേയും മോശമാക്കി സംസാരിക്കുന്നത് നാം ഇപ്പോഴും തമാശയായാണ് കാണുന്നതെന്നും ഈ ‘തമാശകള്‍’ കേട്ട് വളര്‍ന്നവര്‍ക്ക് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ലൈക്ക് നല്‍കുവാന്‍ തോന്നുമെന്നും മുരളി തുമ്മാരുകുടി പറയുന്നു.
ഇ.ശ്രീധരന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവര്‍ അദ്ദേഹത്തിന്റെ പ്രായം പറഞ്ഞുകൊണ്ട് പരിഹസിക്കാന്‍ പാടുള്ളതല്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മുഖ്യമന്ത്രിയാകാന്‍ ഇ.ശ്രീധരന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നുവെന്നും
അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളൂവെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ പരിഹസിച്ചത്.
മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ചുവടെ:
‘പ്രായവും തമാശയും
ശ്രീ ഇ. ശ്രീധരന്‍ കേരള രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനെ പറ്റി തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥിന്റെ കമന്റാണ്. അത് ലൈക്ക് ചെയ്തിരിക്കുന്നത് പന്തീരായിരം പേര്‍. അത് പരിഹാസം ആണെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന് പോലും തീര്‍ത്തും അപഹാസ്യമായ, തെറ്റായ പരിഹാസം ആണെന്ന് പറയാന്‍ തോന്നിയില്ല.
കാരണം ഒരാളുടെ പ്രായത്തെ ചൊല്ലി, രൂപത്തെ ചൊല്ലി, ഭാഷയെ പറ്റി ഒക്കെ ഇകഴ്ത്തി പറയുന്നത് ഇപ്പോഴും നമുക്ക് തമാശയാണ്. ഇത്തരത്തില്‍ മറ്റുള്ളവരുടെ രൂപം, ദേശം, ലിംഗം, പ്രായം, അംഗപരിമിതികള്‍ ഇതിനെയൊക്കെ കുറിച്ച്
തമാശ പറയാന്‍ പറ്റിയില്ലെങ്കില്‍ നമ്മുടെ ടിവിയിലെ കോമഡി പരിപാടികളും സിനിമയിലെ കോമഡി ട്രാക്കും ഒക്കെ നിന്നുപോകും. അത്തരത്തില്‍ ഉള്ള ‘തമാശകള്‍’ കേട്ട് വളര്‍ന്ന ഒരു സമൂഹത്തിന് ഒരാളുടെ പ്രായം വെച്ച് അയാളെ പരിഹസിയ്ക്കുന്നത് ലൈക്ക് ചെയ്യേണ്ട തമാശയായി തോന്നും.
ശ്രീ ഇ.ശ്രീധരന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെപ്പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിയും എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം. പക്ഷെ അതിന് അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റി തമാശ പറയുന്നത് നമ്മള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ഈ കാലത്ത് സംസ്‌ക്കാരമുള്ള
ഒരു മനുഷ്യന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്നും മനസ്സിലാക്കാത്തവരാണ്.
ഇത്തരം ട്വീറ്റുകള്‍ക്ക് ലൈക്ക് അടിക്കാന്‍ തോന്നുന്നവര്‍ എപ്പോഴെങ്കിലും ‘ageism’ എന്നൊരു വാക്ക് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കണം . ഇല്ലെങ്കില്‍ ഒരിക്കല്‍ അത് നിങ്ങളെ തേടി എത്തും.
മുരളി തുമ്മാരുകുടി.’