കൊച്ചി : ഖത്തറിൽ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മതപുരോഹിതൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കല്‍ വീട്ടില്‍ ബിജലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ സ്വദേശിനി അനീഷ എന്ന യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ 27വരെ റിമാന്‍ഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടാണ് ഖത്തറില്‍ കോണ്‍ട്രാക്ടറായ അനീഷയുടെ ഭര്‍ത്താവ് ജയിലിലായത്. ഭര്‍ത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് അനീഷയില്‍നിന്നും 2018-ൽ പണം തട്ടിയത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ട്രാക്ടറായ അനീഷയുടെ ഭര്‍ത്താവ് സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ടത്. ഭര്‍ത്താവിനെ പുറത്തിറക്കാനായിപലഘട്ടങ്ങളിലായാണ് അനീഷ രണ്ടേ കാല്‍കോടി രൂപ പ്രതികള്‍ക്ക് നല്‍കിയത്. പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ കഴിഞ്ഞവര്‍ഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതേസമയം പലവട്ടം ഖത്തറില്‍ പോകാന്‍ പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭര്‍ത്താവിനെ പുറത്തിറക്കാനായി പലര്‍ക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി.