മുംബൈ: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് പേസർ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ വിക്കറ്റുകൾ തകർന്ന സംഭവത്തിൽ, പഞ്ചാബ് കിങ്സിന് മുംബൈ പൊലീസിന്റെ മറുപടി. മുംബൈ പൊലീസിനെ പരാമർശിച്ചുകൊണ്ട് ഒരു ക്രൈം റിപ്പോർട്ട് ചെയ്യാൻ താൽപര്യമുണ്ടെന്നായിരുന്നു പഞ്ചാബ് കിങ്സിന്റെ ട്വീറ്റ്. എന്നാൽ ഇന്ത്യക്കാർക്ക് ആധാർ എന്ന പോലെ, എഫ്ഐആർ ഇടാൻ ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഒരു ട്രോഫി വേണമെന്ന് മുംബൈ പൊലീസ് മറുപടി നല്‍കി.
Like Addhar for Indian citizens, trophy is mandatory for IPL franchise to report a FIR. https://t.co/Ra2WY4RywD
— Mumbai Police (@MumbaiPolicee) April 22, 2023
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. മുംബൈയ്ക്കെതിരായ അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുകയെന്ന ദൗത്യമാണ് അർഷ്ദീപ് സിങ്ങിനുണ്ടായിരുന്നത്. തുടർച്ചയായി രണ്ടു പന്തുകളിൽ വിക്കറ്റുകൾ തകർത്ത അർഷ്ദീപിന് ഹാട്രിക് നേട്ടം നഷ്ടമായിരുന്നു. അപകടകാരികളായ തിലക് വർമയും നേഹൽ വധേരയുമാണ് അർഷ്ദീപിന്റെ പന്തിൽ അവസാന ഓവറിൽ പുറത്തായത്.
മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണു വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റിന് 201 റൺസെടുക്കാനേ മുംബൈയ്ക്കു സാധിച്ചുള്ളൂ.
ആദ്യ ഓവറിൽ തന്നെ ഒരു റണ്ണെടുത്ത് ഇഷാൻ കിഷൻ ക്രീസ് വിട്ടതൊഴിച്ചാൽ മുംബൈ ആരാധകരെ ആവേശം കൊള്ളിച്ച ഒടു അടിപൊളി ‘ചേസിങ്ങി’നായിരുന്നു വാങ്കഡേ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാൽ അവസാന ഓവറുകളിൽ റൺസ് നേടാനാകാതെ വന്നതോടെ പഞ്ചാബിനു മുന്നിൽ മുംബൈ തോൽവി വഴങ്ങി. ഇതോടെ പോയന്റു പട്ടികയിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കു കയറി. മുംബൈ ഏഴാം സ്ഥാനത്താണ്.
43 പന്തിൽ 67 റൺസെടുത്ത കാമറൂൺ ഗ്രീനാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. ഗ്രീനിന് മികച്ച പിന്തുണയുമായി രോഹിത് ശർമ ( 27 പന്തിൽ 44)യും സൂര്യകുമാർ യാദവും( 26 പന്തിൽ 57) ബാറ്റുമായി ക്രീസിൽ നിറഞ്ഞാടി. 13 പന്തിൽ 25 റൺസെടുത്ത ടിം ഡേവിഡ് പുറത്താകാതെ ബാറ്റു വീശിയെങ്കിലും സ്കോർ 200ൽ നിൽക്കെ വീണ രണ്ടു വിക്കറ്റുകളുടെ ആഘാതത്തിൽ 13 റൺസകലെ വിജയം നഷ്ടമായി. പഞ്ചാബിനായി നാഥൻ എല്ലിസ്, ലിവിങ്സ്റ്റൺ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. അർധസെഞ്ചറി തികച്ച ക്യാപ്റ്റൻ സാം കറനി(29 പന്തിൽ 55)ന്റെയും 28 പന്തിൽ 41 റൺസെടുത്ത് പുറത്തായ ഹർപ്രീത് സിങ് ഭാട്യയുടെയും മികവിലാണ് പഞ്ചാബ് മികച്ച സ്കോറിലെത്തിയത്.
സ്കോർ 18ൽ നിൽക്കെയാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണർ മാത്യു ഷോർട്ടി( 10 പന്തിൽ 11)നെ ഗ്രീനിന്റെ പന്തിൽ ചൗള പുറത്താക്കി. പിന്നാലെ എത്തിയ അഥർവ തൈഡെയുമായി ചേർന്ന് പ്രഭസ്മിരൺ സിങ് സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും സ്കോർ 65ൽ നിൽക്കെ പ്രഭസ്മിരണെ( 17 പന്തിൽ 26) അർജുൻ തെൻഡുൽക്കർ പുറത്താക്കി. ലിയാം ലിവിങ്സ്റ്റൺ ( 12 പന്തിൽ 10), അഥർവ തൈഡെ ( 17 പന്തിൽ 29) എന്നിവരുടെ വിക്കറ്റുകളും തുടരെ വീണപ്പോൾ പഞ്ചാബ് ഒന്നു പതറി.
സ്കോർ 83–4. അവിടെനിന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഹർപ്രീത് സിങ് ഭാട്യയും സാം കറനും ചേർന്ന് നേടിയ 92 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബിനെ കരകയറ്റിയത്. അവസാന ഓവറുകളിൽ നാലു സിക്സറുകൾ പറത്തി 7 ബോളിൽ 25 റൺസെടുത്ത വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ ബാറ്റിങ്ങും പഞ്ചാബിന് മുതൽകൂട്ടായി. മുംബൈയ്ക്കായി കാമറോൺ ഗ്രീൻ, പിയൂഷ് ചൗള എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.