മുംബൈ:i: ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവളുമായി ശാരീരിക ബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ല, ‘, ബലാത്സംഗക്കേസില്‍ നിര്‍ണ്ണായക പരാമര്‍ശവുമായി ബോംബെ ഹൈക്കോടതി.
ഒരു പെണ്‍കുട്ടി ആരോടെങ്കിലും സൗഹാര്‍ദ്ദപരമായി പെരുമാറിയാല്‍ അതിനര്‍ത്ഥം അവള്‍ ശാരീരിക ബന്ധത്തിന് അനുമതി നല്‍കുന്നുവെന്നല്ലെന്ന് ബലാത്സംഗക്കേസ് പരിഗണിക്കവെ ബോംബെ ഹൈക്കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ജൂണ്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ആശിഷ് ചാക്കോറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
ആശിഷ് ചാക്കോറുമായുള്ള പെരുമാറ്റം തികച്ചും സൗഹൃദപരമായിരുന്നുവെന്നാണ് യുവതി തന്‍റെ പരാതിയില്‍ പറയുന്നത്. ക്രമേണ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവാവ് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും യുവാവ് പിന്മാറുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിക്കൊണ്ട് ചാക്കോര്‍ കോടതിയില്‍ വാദിച്ചത്.
ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവളെ തീര്‍ത്തും നിസാരയായി കാണാനും അവളെ ശാരീരികമായി ഉപയോഗിക്കാനുമുള്ള അനുമതി നല്‍കുന്നില്ല എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി. യുവാവിനെതിരെയുള്ള ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട് എന്നും യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതം നല്‍കാന്‍ യുവതി നിര്‍ബന്ധിതയായോ എന്ന് കണ്ടെത്തണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു