14 കാരനുമടിച്ചില്ല 23 കാരനുമടിച്ചില്ല,ടോപ് സ്‌കോറര്‍ എട്ടാമനായിറങ്ങിയ ബൗളര്‍; മുംബൈയോട് ദയനീയമായി തോറ്റ് രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്ത്‌

ജയ്പുര്‍: സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്ത് 100 റണ്‍സിന് കീഴടക്കിയ മുംബൈ 11 കളികളില്‍ നിന്ന് 14 പോയന്റോടെ ഒന്നാം സ്ഥാനത്തെത്തി. പ്ലേ ഓഫിന് തൊട്ടടുത്താണ് ടീം.

മുംബൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. എട്ടാമനായി ഇറങ്ങി 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാന്‍ സ്‌കോര്‍ 100 കടത്തിയത് ആര്‍ച്ചറുടെ ഇന്നിങ്‌സായിരുന്നു.

തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു രാജസ്ഥാന്‍ ബാറ്റിങ് നിരയുടെ പ്രകടനം. ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ റെക്കോഡ് സെഞ്ചുറിക്കാരന്‍ വൈഭവ് സൂര്യവംശിയെ (0) അവര്‍ക്ക് നഷ്ടമായി. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (13), നിതീഷ് റാണ (9), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (16), ഷിംറോണ്‍ ഹെറ്റ്മയര്‍ (0), ശുഭം ദുബെ (15), ധ്രുവ് ജുറെല്‍ (11) എന്നിങ്ങനെയാണ് രാജസ്ഥാന്റെ പ്രധാന ബാറ്റര്‍മാരുടെ പ്രകടനം.

മുംബൈക്കായി കരണ്‍ ശര്‍മയും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് രണ്ടു വിക്കറ്റെടുത്തു. 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ഓപ്പണര്‍മാരായ റയാന്‍ റിക്കെല്‍ട്ടണും രോഹിത് ശര്‍മയും നല്‍കിയ മികച്ച തുടക്കം പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെയാണ് മുംബൈ വമ്പന്‍ സ്‌കോറിലെത്തിയത്.

റിക്കെല്‍ട്ടണ്‍-രോഹിത് കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ 71 പന്തുകളില്‍നിന്ന് അടിച്ചെടുത്തത് 116 റണ്‍സാണ്. 38 പന്തില്‍നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 61 റണ്‍സെടുത്ത റിക്കെല്‍ട്ടണാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. തുടക്കത്തില്‍ ഡിആര്‍എസിലൂടെ ഔട്ടിനെ അതിജീവിച്ച രോഹിത് 36 പന്തില്‍നിന്ന് ഒമ്പത് ഫോറടക്കം 53 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും വെറും 44 പന്തില്‍നിന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മുംബൈ സ്‌കോര്‍ 200 കടന്നു. ഇരുവരും 23 പന്തുകളില്‍നിന്ന് 48 റണ്‍സ് വീതമെടുത്ത് പുറത്താകാതെനിന്നു. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. ഹാര്‍ദിക്കിന്റെ ബാറ്റില്‍നിന്ന് ഒരു സിക്സും ആറ് ഫോറും പിറന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News