തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം (മിസ്‌ക്) രോഗബാധ. കൊവിഡ് ബാധിച്ച കുഞ്ഞുങ്ങളില്‍ മിസ്‌ക് ബാധിച്ച് ഇതുവരെ നാല് കുട്ടികളാണ് മരണമടഞ്ഞത്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.
മിസ്‌ക് രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീര്‍കെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം എന്ന മിസ്‌ക്. പനി, വയറു വേദന, ത്വക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
വീടുകള്‍ക്കുള്ളിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ ഹോം ഐസലേഷനില്‍ കഴിഞ്ഞവരിലെ മരണക്കണക്കും ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. ഹോം ഐസലേഷനില്‍ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോര്‍ട്ട്. 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഇതോടെ മറ്റസുഖങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തര പരിശോധന നടത്താനും, പരമാവധി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.