ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതോടെ സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. ഇതിലൂടെ 3785.54 ഘടയടി വെള്ളമാണ് തുറന്നു വിടുന്നത്. 142 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്നാണ് നീരൊഴുക്ക് ശക്തമായത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നേരത്തെ തന്നെ നല്‍കിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് ജലം കൊണ്ടുപോകുന്നത് മണിക്കൂറുകളോളം ഇന്നലെ നിര്‍ത്തിയിരിന്നു. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ ജലം കൊണ്ടുപോകുന്നത് പൂര്‍ണമായും നിറുത്തുകയായിരുന്നു. ഇതോടെ ജലനിരപ്പ് 141.85 അടിയിലെത്തി. രാത്രി ഏഴ് മണിയോടെ സെക്കന്‍ഡില്‍ 900 ഘനയടി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി.
അതേസമയം മൂലമറ്റം ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിച്ചു. ഇതോടെ ഉത്പാദനം പരമാവധിയിലേക്ക് വീണ്ടും ഉയര്‍ത്തി. 24ന് ഉച്ചയ്ക്ക് ജനറേറ്ററിന്റെ സ്ഫെറിക്കല്‍ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതോടെ പ്രവര്‍ത്തനം നിറുത്തിയത്. 70 ടണ്ണിലധികം ഭാരമുള്ള വാല്‍വിന്റെ റബര്‍ ബുഷിലുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണം.
അറ്റകുറ്റപ്പണികള്‍ പോലും ഒഴിവാക്കി തുടര്‍ച്ചയായി ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇനിയും തകരാറുകള്‍ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ടോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് 2400.64 അടിയായി.