തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് പിന്നാലെ സോണിയ ഗാന്ധിയ്ക്ക് പരാതിയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇത്തവണ ഹൈക്കമാന്റ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് യോഗത്തിനെത്താതിരുന്നത് രാജിസന്നദ്ധത അറിയിച്ചതിനാലാണ്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മുന്‍പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.
പ്രതിപക്ഷനേതാവ് പദവിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും എന്നുളളതല്ല മറിച്ച് അതിന് ഹൈക്കമാന്‍ഡ് സ്വീകരിച്ച വഴിയാണ് തന്നെ വേദനിപ്പിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ കത്തിന്റെ ഉളളടക്കം.
തന്റെ പ്രവര്‍ത്തനത്തെ മുഖവിലയ്‌ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നല്‍കാതെയുമുളള പാര്‍ട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്ന് കത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു.