ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാലും മത്സരിക്കില്ലേ എന്ന ചോദ്യത്തിന് കാര്യങ്ങളൊക്കെ നേതൃത്വത്തെ അറിയിച്ച ശേഷമല്ലേ നിങ്ങളോട് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടാകും അദ്ദേഹം മത്സരിക്കുന്നതെന്നും ജയിച്ചാല്‍ സ്ഥാനം ഒഴിയുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം പാലക്കാട് മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ആശങ്ക അറിയിച്ചിട്ടുണ്ട്. വിമത ഭീഷണി ഉയര്‍ന്ന പാലക്കാട് നിന്നു ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാന്‍ നേതൃത്വം ആലോചിക്കുന്നതായാണ് പുതിയ വിവരം. പാലക്കാട് സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തുന്നതിലേക്ക് വിമത നീക്കങ്ങളെത്തിക്കരുതെന്നാണ് സംസ്ഥാന നേതൃത്വവും കണക്കുകൂട്ടുന്നത്. ഇതോടൊപ്പം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ വലിയ തോതില്‍ ഷാഫിക്ക് ഇല്ലെന്നുള്ളതും നേതൃത്വം പരിഗണിക്കുന്നു.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് രംഗത്ത് എത്തിയിട്ടുണ്ട്. താന്‍ നേതൃത്വത്തിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നുകൂടി കാത്തിരിക്കും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്നും ആദ്യം സംഘടനാ വിഷയങ്ങള്‍ പരിഹരിക്കട്ടെയെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കി. ഇന്ന് രാത്രിവരെ കാത്തിരിക്കും. പാര്‍ട്ടി നേതാക്കള്‍ പറയട്ടെ. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിടുമെന്ന ഗോപിനാഥിന്റെ ഭീഷണി കടുത്തതോടെ വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ നേരിട്ട് എത്തി എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എ.വി. ഗോപിനാഥ് പറയുന്ന മണ്ഡലത്തില്‍ മത്സരിക്കാമെന്നായിരുന്നു അദ്ദേഹത്തോെട് കെ. സുധാകരന്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന നിലപാട് കെ. സുധാകരനോട് എ. വി. ഗോപിനാഥ് അറിയിക്കുകയായിരുന്നു.
ഡിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാതെ തന്നെ തനിക്ക് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നല്‍കമെന്ന് നേതൃത്വം പറഞ്ഞിരുന്നുവെന്നും ആ പദവി മതിയെന്നും എ.വി. ഗോപിനാഥ് സുധാകരനെ അറിയിച്ചതായാണ് സൂചന. ചര്‍ച്ചക്കിടയില്‍ തന്നെ ഉമ്മന്‍ ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും വിളിച്ച സുധാകരന്‍ ഗോപിനാഥിന്റെ നിലപാട് അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്നായിരുന്നു ഗോപിനാഥിന്റെ നിലപാട്.
അതേസമയം തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞു. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പരാമര്‍ശം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയത്തിനുള്ള മാനദണ്ഡമായി വിജയസാധ്യത മാത്രം ഹൈക്കമാന്‍ഡ് മുന്നോട്ടു വയ്ക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഗ്രൂപ്പുകള്‍ വിജയസാധ്യതയുടെ പ്രധാന ഘടകമാണെന്നാണ് പറയുന്നത്. പല മണ്ഡലങ്ങളിലെയും വിജയസാധ്യത ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കൂടി ആശ്രയിച്ചായിരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏതെങ്കിലും ഒരു സര്‍വേയില്‍ ചിലരുടെ അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിച്ചാല്‍ മാത്രം അത് വിജയത്തിലേക്ക് നയിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ പലയിടത്തും അഞ്ച് പേരിലധികം ഇടംപിടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതര്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നതിനാണ് ഗ്രൂപ്പ് മാനദണ്ഡമാകണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നിലപാട് എടുത്തിരിക്കുന്നത്. സര്‍വേകളുടെ ആധികാരികതയെ ചോദ്യം ചെയ്തും നേതാക്കള്‍ രംഗത്ത് എത്തി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രദേശിക തലത്തില്‍ ഉയര്‍ന്ന തര്‍ക്കങ്ങളും എതിര്‍പ്പുകളും തള്ളി കോന്നിയില്‍ റോബിന്‍ പീറ്ററിനായി അടൂര്‍ പ്രകാശ് എംപി ഇടപെട്ടു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ തന്റെ നിര്‍ദ്ദേശം തള്ളിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്നും കോന്നിയില്‍ റോബിന്‍ പീറ്ററിനെ പരിഗണിക്കണമെന്നുമുള്ള നിര്‍ദ്ദേശം അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ചതായാണ് വിവരം. സ്‌ക്രീനിംഗ് കമ്മിറ്റി മുന്‍പാകെയാണ് സ്ഥലം എംപി കൂടിയല്ലാത്ത അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശം.
തൃശൂരില്‍ മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ മകള്‍ പദ്മജയെ മത്സരിപ്പിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതേ സമയം കാസര്‍കോട്ട് രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരെയും നിര്‍ദേശിച്ചിട്ടില്ല. കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികളെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഉണ്ണിത്താന്‍ സ്വീകരിച്ചത്.