ഇന്ധന വിലയിലെ അമിത നികുതി; മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കമമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ന് രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.

16 ന് ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് ശേഷം വിവധതലങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം എന്ന് അദേഹം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News