‘അവസരം നിഷേധിക്കപ്പെട്ടെന്ന തോന്നൽ, അത്രയധികം ചാനലുകളുള്ളത് ഷാഫി മറന്നു’; വിശദീകരിച്ച് മുല്ലപ്പള്ളി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ വേദിയിൽ ഉണ്ടായ ഉന്തുംതള്ളും സംബന്ധിച്ച് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിന് പ്രയാസമുണ്ടായെന്നും അതിനാലാകാം അദ്ദേഹം പ്രകോപിതനായതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്തരം വേദിയിൽ ഷാഫി ജാഗ്രത പാലിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയുടെ വാക്കുകൾ: വേദിയിൽവെച്ച് അത്തരത്തിൽ ഉന്തുംതള്ളും ഉണ്ടാകാൻ പാടില്ലായിരുന്നു. ഷാഫി അവിടത്തെ എംപിയാണ്. തന്റെ നിയോജകമണ്ഡലത്തിലെ ആളുകളെ കണ്ട് സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയെങ്കിൽ അത് തെറ്റാണെന്ന് ഒരിക്കലും പറയാനാകില്ല. അദ്ദേഹത്തിന് അവസരം നിഷേധിക്കപ്പെട്ടുവെന്ന് തോന്നൽ ഉണ്ടായി. സത്യത്തിൽ അങ്ങനെയല്ല. വടകര എംപിയെ ക്ഷണിക്കുന്നതിന് പകരം കോഴിക്കോട് എംപിയെ അധ്യക്ഷൻ ക്ഷണിക്കുന്ന അവസ്ഥയുണ്ടായി. അതുകഴിഞ്ഞ് രണ്ടാമത് വിളിച്ചത് കുറ്റ്യാടിയിൽനിന്ന് നേരത്തെ മത്സരിച്ച് വിജയിച്ച പാറക്കൽ അബ്ദുള്ളയെയാണ്.

അത് അദ്ദേഹത്തിന്റെ മനസ്സിൽ പ്രയാസമുണ്ടാക്കി. അതുകൊണ്ടായിരിക്കാം പെട്ടെന്ന് പ്രകോപിതനായത്. എന്നാൽ, പെട്ടെന്നുതന്നെ അദ്ദേഹം ശാന്തനായി. പക്ഷെ, അത്രയധികം ചാനലുകളുള്ള കാര്യം അദ്ദേഹം മറന്നുപോയി. അത്തരം ഒരു സദസ്സിൽവെച്ച് പ്രകോപനം ഉണ്ടാകാൻ പാടില്ലായിരുന്നു, ജാഗ്രത പാലിക്കണമായിരുന്നു, മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉന്തും തള്ളിനുമിടയിൽ താൻ വീണതല്ലെന്നും സോഫയിൽ ഇരുന്നതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News