FeaturedKeralaNews

കേരളത്തിന്റെ ആശങ്ക കണ്ടു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാമെന്ന് മേല്‍നോട്ടസമിതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിര്‍ണായക തീരുമാനം മൂന്നംഗ സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

സമീപകാല കാലാവസ്ഥ മാറ്റങ്ങള്‍ പരിഗണിച്ചും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലുമാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന തീരുമാനമെടുത്തത്. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞ ദിവസം ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. തമിഴ്‌നാട് അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം 138 അടിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ തുറന്നു വിടാനും യോഗത്തില്‍ ധാരണ ആയിരുന്നു. ഈ മാസം 30 വരെയാണ് ഇത് ബാധകം ആകുന്നത്.

ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനമായ ബഞ്ച് മേല്‍നോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്നാട് പ്രതിനിധകളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മേല്‍നോട്ട സമിതി തീരുമാനം കൈകൊണ്ടത്. ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സുപ്രിംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മേല്‍നോട്ട സമിതി ചെയര്‍മാനും, കേന്ദ്ര ജലകമ്മിഷന്‍ അംഗവുമായ ഗുല്‍ഷന്‍ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാടിന് വേണ്ടി അഡിഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങള്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും.

എന്നാല്‍, ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഉന്നതതല യോഗത്തില്‍ സ്വീകരിച്ച ഈ നിലപാടുകള്‍ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button