ഒരു ലിറ്റര്‍ പെട്രോളിന് വെറും 1.50 രൂപ! പെട്രോളിന് ഏറ്റവും കുറവ് വില വരുന്നത് ഈ രാജ്യത്ത്

ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 120 രൂപ കടന്നിരിക്കുകയാണ്. എന്നാല്‍ വെറും ഒന്നര രൂപ നല്‍കി ഒരു ലിറ്റര്‍ പെട്രോള്‍ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നല്‍കുന്നതിന്റെ ഇരട്ടി തുക നല്‍കേണ്ടിയും വരും. ലോകത്ത് ഏറ്റവും വിലക്കുറവില്‍ പെട്രോള്‍ കിട്ടുന്ന രാജ്യങ്ങളും, പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യങ്ങളും ഏതെന്ന് അറിയാം.

ലോകത്ത് പെട്രോളിന് ഏറ്റവും കൂടുതല്‍ വില ഹോങ്ങ് കോങ്ങിലാണ്. 2.56 ഡോളര്‍ (192 രൂപ) നല്‍കണം ഒരു ലിറ്റര്‍ പെട്രോളിന്. തൊട്ട് പിന്നാലെ വരുന്ന രാജ്യം നെതര്‍ലന്‍ഡ്സ് ആണ്. 2.18 ഡോളറാണ് ഇവിടെ വില. ഏകദേശം 163 രൂപ. മൂന്നാം സ്ഥാനത്ത് 2.14 ഡോളറാണ്. 160 രൂപ വരും ഇത്. നോര്‍വേ, ഡെന്‍മാര്‍ക്ക്, ഇസ്രായേല്‍, ഗ്രീസ്, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ് എന്നിവിടങ്ങളിലും പെട്രോളിന് പൊള്ളുന്ന വിലയാണ്.

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്ന രാജ്യങ്ങളുണ്ട്. വെനസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 0.02 ഡോളറാണ്. വെറും 1.50 രൂപ. ഇറാനില്‍ 00.6 ഡോളര്‍, അതായത് 4.51 രൂപയാണ് പെട്രോള്‍ വില. സിറിയയില്‍ വെറും 0.23 ഡോളര്‍, കൃത്യമായി പറഞ്ഞാല്‍ 17 രൂപ നല്‍കിയാല്‍ മതി ഒരു ലിറ്റര്‍ പെട്രോളിന്. അംഗോള, അല്‍ജീരിയ, കുവൈറ്റ്, നൈജീരിയ, തുര്‍കെമിനിസ്താന്‍, ഖസാകിസ്താന്‍, എത്യോപിയ എന്നിവിടങ്ങളിലും പെട്രോള്‍ വില 0.50 ഡോളറിലും കുറവാണ്. അതായത് 37 രൂപയില്‍ കൂടില്ലെന്ന് ചുരുക്കം.

രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഡല്‍ഹിയില്‍ പെട്രോളിന് 107.94 രൂപയും ഡീസലിന് 96.67 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില.

അമേരിക്ക, കാനഡ, റഷ്യ, ഓസ്ട്രേലിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പെട്രോള്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News