മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 19കാരനെ അറസ്റ്റ് ചെയ്തു. പണം ആവശ്യപ്പെട്ടുകൊണ്ടും വധഭീഷണി മുഴക്കിയും 3 ഇ മെയിലുകളാണ് കഴിഞ്ഞ ആഴ്ച അംബാനിക്ക് ലഭിച്ചത്. തെലങ്കാന സ്വദേശിയായ ഗണേശ് രമേഷിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നവംബർ 8 വരെ കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ 27നാണ് 20 കോടി ആവശ്യപ്പെട്ടുകൊണ്ട് ആദ്യ മെയിൽ വന്നത്. ശേഷം 200 കോടിയും പിന്നീട് 400 കോടിയും ആവശ്യപ്പെട്ടുകൊണ്ട് ഭീഷണി സന്ദേശങ്ങൾ വന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ഭീഷണി ഇ-മെയിൽ സന്ദേശങ്ങൾ കൂടി മുകേഷ് അംബാനിക്ക് ലഭിച്ചു. മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് മെയിലുകൾ വന്നതെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ഭീഷണികൾ അവഗണിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് സന്ദേശം. ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ മുകേഷ് അംബാനിക്ക് ലഭിച്ചിരുന്നു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ഒക്ടോബർ 28നാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ ഇമെയിൽ വന്നത്. ഇമെയിലുകളുടെ അടിസ്ഥാനത്തിൽ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലക്കാരൻ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.
20 കോടി നൽകാൻ തയാറായില്ലെങ്കിൽ നിങ്ങളെ കൊല്ലും, ഇന്ത്യയിലെ മികച്ച ഷൂട്ടർമാർ ഞങ്ങൾക്കൊപ്പമുണ്ട് എന്നായിരുന്നു ഒരു സന്ദേശം. പൊലീസിന് പിന്തുടരാനോ അറസ്റ്റ് ചെയ്യാനോ സാധിക്കില്ലെന്നും മെയിലിൽ പറയുന്നു. ഇ മെയിലിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഭീഷണി സന്ദേശം അയയ്ക്കുന്നതിന് വേണ്ടി മാത്രം ഉണ്ടാക്കിയ അക്കൗണ്ടാണിതെന്നും പൊലീസ് പറഞ്ഞു.
ഇതിനെപ്പറ്റി പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ഐപി വിലാസങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ തെലങ്കാന സ്വദേശിയെ അറസ്റ്റ് ചെയ്തത്. മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഫോണിൽ വധഭീഷണി മുഴക്കിയ ബിഹാർ സ്വദേശിയെ കഴിഞ്ഞ വർഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയും ദക്ഷിണ മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയും ബോംബ് വച്ച് തകർക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.