ന്യൂഡൽഹി: മകൾ ഇഷ അംബാനിയെ കമ്പനിയുടെ റീട്ടെയിൽ ശൃംഖലയുടെ തലപ്പത്തേക്കെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ധീരുബായ് അംബാനി. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിരിക്കവെയാണ് ഇഷയെ പുതിയ സ്ഥാനത്തേക്ക് റിലയൻസ് പരിഗണിക്കുന്നത്.
മകൻ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ താക്കോൽ സ്ഥാനത്തേക്ക് ചൊവ്വാഴ്ച പരിഗണിച്ചതിന് പിറകെയാണ് ഈ നീക്കവും. ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ റിലയൻസും തലമുറ മാറ്റം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ സൂചനയായും ഇത് പരിഗണിക്കുന്നുണ്ട്.
ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും. എന്നാൽ ഇതിൽ ഔദ്യോഗികമായി പ്രതികരിക്കാൻ കമ്പനി മുന്നോട്ടു വന്നിട്ടില്ല. ഔദ്യോഗികമായ അറിയിപ്പ് വരുന്നത് വരെ വിവരം വെളിപ്പെടുത്തരുതെന്ന് ഇഷ തന്നെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇഷയുടെ ഇരട്ട സഹോദരൻ ആകാശ് അംബാനിയെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ടെലികോം യൂണിറ്റിന്റെ ചെയർമാനായി കഴിഞ്ഞദിവസം നിയമിതനായിരുന്നു. ഇവർക്ക് അനന്ത് (27) എന്ന ഇളയ സഹോദരനുമുണ്ട്. യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ഇഷ അംബാനി.
റിലയൻസ് റീട്ടെയിലും, റിലയൻസ് ജിയോയും റിലയൻസ് കുടുംബത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇവരുടെ മുൻനിര സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 217 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഇതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി.