മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും കോടീശ്വരനാണ്. നിരവധി ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്. മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം അതുപോലെ ആഘോഷമാക്കിയിരുന്നു മുകേഷ് അംബാനി. ജൂലായ് പന്ത്രണ്ടിനായിരുന്നു ഈ വിവാഹം.
ലോകത്താകെയുള്ള വമ്പന്‍ സെലിബ്രിറ്റികളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സംഗീത നിശയ്ക്കായി പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും, വിവാഹത്തില്‍ പങ്കെടുക്കാനായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ കിം കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്.
അതേസമയം അയ്യായിരം കോടിയില്‍ അധികമാണ് മുകേഷ് അംബാനി വിവാഹത്തിനായി ചെലവിട്ടത്. എന്നാല്‍ ആസ്തിയില്‍ ചെറിയൊരു ഭാഗം മാത്രമാണിത്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ കുതിപ്പാണ് വിവാഹ ശേഷം ഉണ്ടായിരിക്കുന്നതെന്ന് ആജ് തക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 25000 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ അദ്ദേഹം സ്വന്തമാക്കിയത്. ഇത് ഇന്ത്യന്‍ ബിസിനസ് മേഖലയിലെ റെക്കോര്‍ഡാണ്. ചെറിയ കാലയളവിലെ ഈ നേട്ടം മുകേഷ് അംബാനിയുടെ മൊത്തം ആസ്തിയിലും പ്രതിഫലിച്ചതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ജൂലായ് അഞ്ചിന് മുകേഷ് അംബാനിയുടെ ആസ്തി 118 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ ജൂലായ് 12ന് ഇത് 121 ബില്യണായിട്ടാണ് ഉയര്‍ന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ആഗോള സമ്പന്നരുടെ റാങ്കിംഗില്‍ ഇത് മുകേഷ് അംബാനിക്ക് നേട്ടമായിട്ടുണ്ട്. പന്ത്രണ്ടാം സ്ഥാനത്തായിരുന്നു നേരത്തെ ആഗോള കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനി.
എന്നാല്‍ 25000 കോടിയുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് മുകേഷ് അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഇപ്പോഴും തുടരുകയാണ് മുകേഷ് അംബാനി. രാധിക മെര്‍ച്ചന്റുമായിട്ടുള്ള വിവാഹം മുകേഷ് അംബാനി വലിയ ഭാഗ്യം കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്.
അതേസമയം സമ്പത്ത് വര്‍ധിക്കാന്‍ കാരണം വേറെയുമുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ആനന്ദ് അംബാനിയുടെ വിവാഹം ദിവസം മാത്രം റിലയന്‍സിന്റെ ഓഹരികളില്‍ ഒരു ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ഒരു മാസത്തില്‍ 6.65 ശതമാനത്തിന്റെ മൂല്യമാണ് റിലയന്‍സിന്റെ ഓഹരികളില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ 14.90 ശതമാനമാണ് ഈ ഓഹരികളില്‍ നിന്ന് ലഭിച്ച റിട്ടേണ്‍. വിവാഹത്തിന് ശേഷം ചെറിയൊരു ഇടിവ് ഓഹരിയില്‍ ഉണ്ടായിരുന്നു. 1.11 ശതമാനമാണ് ഇടിവ് നേരിട്ടത്. 3159 രൂപ ഒരോഹരിക്ക് എന്ന വിലയിലാണ് വ്യാപാരം നടന്നത്. ആനന്ദിന്റെ വിവാഹം കമ്പനിക്ക് അതുകൊണ്ട് വലിയ നേട്ടമായി മാറുകയായിരുന്നു.