ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അര്‍ജുന പുരസ്‌കാരം. ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരാണ് അനസിനെ കൂടാതെ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു രണ്ടുപേര്‍. ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവാണ് അനസ്. അത്ലറ്റ് ദീപ മാലിക്കും ഗുസ്തി താരം ബജ്‌റംഗ് പൂനിയയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.
കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന് ലഭിച്ചു. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയുമാണ് അദ്ദേഹം.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും, 4*100 മീറ്ററ് റിലേയിലും മിക്‌സഡ് റിലേയിലും അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുന്നു ഉപയോഗത്തിനു അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിരുന്നു. 400 മീറ്ററില്‍ ഒളിംപിക്‌സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് അനസ്.
അതോടൊപ്പം തന്നെ മലയാളി ബാഡ്മിന്റണ്‍ കോച്ച് യു. വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. അടുപ്പിച്ച് രണ്ട് വര്‍ഷം(1988, 89) ഇന്ത്യന്‍ ബാഡ്മിന്റണ്‍ നാഷണല്‍ ടൈറ്റില്‍ നേടിയ ആളാണ് വിമല്‍ കുമാര്‍. ചീഫ് നാഷണല്‍ കോച്ച് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.