എം.എസ്.എഫ്. സമ്മേളന റാപ് സോങ്ങിൽ ഇമ്രാൻ ഖാനെന്ന് എസ്.എഫ്.ഐ.; നിഷേധിച്ച് എം.എസ്.എഫ്.

മലപ്പുറം: എം.എസ്.എഫ്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റാപ് സോങ്ങിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമെന്ന ആരോപണവുമായി എസ്.എഫ്.ഐ. മലപ്പുറത്തുനടക്കുന്ന 13-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോക്കെതിരേയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തിയത്.

എം.എസ്.എഫിന്റെ ചരിത്രം പറയുന്ന 2.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞദിവസം എം.കെ. മുനീർ എം.എൽ.എ. പ്രകാശനംചെയ്തിരുന്നു. സീതി സാഹിബ്, സി.എച്ച്. മുഹമ്മദ്‌കോയ, പാണക്കാട് തങ്ങന്മാർ, മുഹമ്മദ് ഇസ്മായിൽ, ഇ. അഹമ്മദ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. ഇവരോടൊപ്പം പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുകൂടിയായ ഇമ്രാൻ ഖാന്റെ ചിത്രവുമുണ്ടെന്നാണ് സഞ്ജീവ് ആരോപിച്ചത്. മതരാഷ്ട്രവാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ. നവാസിനും സംഘത്തിനും എന്തു ബന്ധമെന്ന രൂക്ഷമായ വിമർശനവും അദ്ദേഹം സാമൂഹികമാധ്യത്തിലെ കുറിപ്പിലൂടെ ചോദിച്ചു.

എന്നാൽ, എം.എസ്.എഫ്. നേതാക്കൾ ഇക്കാര്യം നിഷേധിച്ചു. എം.എസ്.എഫിന്റെ വീഡിയോയിൽ ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ വീഡിയോയിൽ ഇമ്രാൻ ഖാനില്ല. എം.എസ്.എഫിന് ഇമ്രാൻ ഖാനുമായി ബന്ധവുമില്ല. ഇപ്പോൾ പ്രചരിപ്പിക്കുന്ന വീഡിയോ എവിടെനിന്നു കിട്ടിയെന്ന് എസ്.എഫ്.ഐ. നേതാക്കൾത്തന്നെ വ്യക്തമാക്കണമെന്നും എം.എസ്.എഫ്. സംസ്ഥാന ജനറൽസെക്രട്ടറി സി.കെ. നജാഫ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News