സ്ത്രീയെ ഉപഭോഗവസ്തുവായി കണ്ട, ജാതീയമായി അധിക്ഷേപിക്കപ്പെട്ട വിനായകനൊപ്പമാണ് ഞാന്‍; വിനായകന്‍ ചിത്രത്തിന് പിന്തുണയുമായി ആക്ടിവിസ്റ്റ് മൃദുല ദേവി
നടന്‍ വിനായകനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി. താനുമായി ബന്ധപ്പെട്ട കേസില്‍ സംഘപരിവാര്‍ മുതലെടുപ്പ് നടത്തുന്നത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ എക്കാലവും താന്‍ ഉണ്ടാകുമെന്നും മൃദുല ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
മൃദുലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
നടന്‍ വിനായകന്‍ സംവിധായകന്‍ ആകുന്ന വാര്‍ത്ത അഭിമാനത്തോടെ സ്വീകരിക്കുന്നു. ദളിത് പ്രാതിനിധ്യങ്ങള്‍ സമസ്ത മേഖലയിലും എത്തണം എന്നുള്ളത് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ ഇതിനെയും ദലിത് ജനതയുടെ പ്രാതിനിധ്യം ആയി തന്നെ കാണുന്നു. ഞാന്‍ വാദിയും വിനായകന്‍ എതിര്‍ കക്ഷിയുമായുള്ള വെര്‍ബല്‍ സെക്ഷ്വല്‍ ഹറാസ്‌മെന്റ് കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാര്‍ ഈ ഘട്ടത്തില്‍ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. എനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയിലും റിമ എനിക്കൊപ്പം നില്‍ക്കുകയും, എന്നോട് ഐക്യപ്പെടുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. നടനുമായി റിമയെന്നല്ല ആരും അഭിനയിക്കുന്നതിനോ, കലാപരമായ പ്രോജക്ടുകള്‍ ചെയ്യുന്നതിനോ ഞാന്‍ എതിരല്ല എന്ന് റിമയോട് അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ എക്കാലവും ഞാന്‍ ഉണ്ടാകും എന്നും അദ്ദേഹം നടത്തിയ വെര്‍ബല്‍ റേപ്പിനെതിരെ ശക്തമായി മുന്നോട്ടു പോകും എന്നുമാണ് എന്റെ പഴയ എഫ് ബി പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നത്. ഞാനിന്നും അതേ നിലപാടില്‍ തന്നെയാണ്.
ഇപ്പോള്‍ വിനായകന്‍ സംവിധായകന്‍ ആകുന്നതിനെതിരെ സംസാരിക്കുന്നവര്‍ ജാതി വംശീയതയാണ് കാണിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്ത്യന്‍ സിനിമയില്‍, ലോകസിനിമയില്‍, മലയാള സിനിമയില്‍ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴില്‍ ചെയ്യുന്നുണ്ട്. ജനം അത് സ്വീകരിക്കുന്നുമുണ്ട്. നടന്‍ വിനായകന്‍ മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാല്‍ എന്റെ വിഷയം പറഞ്ഞു നടന്‍ സംവിധായകന്‍ ആകുന്നതു തടയുന്നതിനുള്ള ശ്രമങ്ങള്‍ എന്നിലെ അംബേദ്കര്‍ ചിന്താധാരയ്ക്കു യോജിക്കാന്‍ ആവുന്നതല്ല. ആഷിഖ് അബു ഇന്ത്യയില്‍ അപരവത്കരണം അനുഭവിക്കുന്ന മുസ്ലീം സമൂഹത്തില്‍ നിന്നുള്ള വ്യക്തി ആണ്.ഇന്ത്യയില്‍ ദലിതുകളുമതെ. വിനായകനും ആഷിക് അബുവും ഒന്നിക്കുന്നത് ദലിത് /മുസ്ലിം സഹോദര്യമായിക്കൂടി ഞാന്‍ കണക്കാക്കുന്നു.
കോടതിയിലേക്ക് പോയ എന്റെ കേസില്‍ റിമ എനിക്ക് അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. മുന്നോട്ടും അങ്ങനെ തന്നെ ആവും എന്നുറപ്പുണ്ട്. എനിക്കുള്ള ഉത്തരം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ആണ് നല്‍കേണ്ടത്. ഞാന്‍ അതിനുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ആ മറുപടി എനിക്ക് അവിടെ നിന്ന് ലഭിക്കും. മലയാള സിനിമ അതിന്റെ ജോലി ചെയ്യട്ടെ. എന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ കാണുകയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിക്കുകയും ഇഷ്ടപ്പെട്ടാല്‍ ചേര്‍ത്തു പിടിക്കുകയും ചെയ്യും. ദലിത് പുരുഷന്‍ ദലിത് സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍, ദലിത് സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചാല്‍ സഹോദരന്‍ എന്ന് കരുതി ക്ഷമിക്കണം എന്ന തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കാതെ അവരെ തിരുത്തി സ്ത്രീ വിരുദ്ധത ഒഴിവാക്കി മുഖ്യധാരയില്‍ സജീവമാക്കുക എന്നുള്ളതാണ് യഥാര്‍ത്ഥ ദലിത് സ്‌നേഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉറച്ച നിലപാടുകളോടെ, മറ്റൊരു സ്ത്രീയെയും കേവലം ശരീരമാണെന്ന് കണക്കാക്കി അപമാനിക്കാതെ വിനായകന്‍ സിനിമയില്‍ നിലകൊള്ളണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കെതിരെ വിനായകന്‍ നടത്തിയ വെര്‍ബല്‍ അബ്യൂസ് ഇപ്പോഴും ഏറ്റവും അറപ്പോടെ ഞാന്‍ ഓര്‍ക്കുവാനിഷ്ട്ടപ്പെടാത്ത വേദനയുടെ കാലമാണ്, ഉറങ്ങാതെ കരഞ്ഞ കാലമാണ്. ഒരു ദലിത് സ്ത്രീയെന്ന കരുത്തില്‍ കേസ് മുന്നോട്ട് തന്നെ കൊണ്ട് പോകും . വിമര്‍ശിക്കുമ്പോള്‍ പോലും ”എന്‍ മാന്യ കൂട്ട് സ്‌നേഹിതാ” എന്നുര ചെയ്ത പൊയ്കയില്‍ അപ്പച്ചന്റെ വചനങ്ങള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് കേസുമായി മുന്നോട്ട് പോകുമ്പോഴും, റിമയുടെയും വിനായകന്റെയും ആഷിക് അബുവിന്റെയും സംരംഭത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.